
പന്തപ്ലാക്കല്‍ കുടുംബസംഗമം
1-ാം സമ്മേളന റിപ്പോര്‍ട്ട്
Date: 14.10.2002
ജോസഫ് പി ടി (അപ്പച്ചന്) പേരാവൂര്‍
നമ്മുടെ കുടുംബകൂട്ടായ്മയുടെ രണ്ടാമത്തെ സമ്മേളനത്തില്‍ നാളിതുവരെയുള്ള പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിക്കുന്നതില്‍ എനിക്ക് അതിരറ്റ സന്തോഷവും ചാരിതാര്‍ത്ഥ്യവും ഉണ്ട്.
നീണ്ട നാളത്തെ പ്രവര്‍ത്തനങ്ങളുടെയും ചര്‍ച്ചകളുടെയും ഒരുക്കങ്ങളുടെയും ഫലമായി പന്തപ്ലാക്കല്‍ കുടുംബകൂട്ടായ്മയുടെ ഒന്നാമത്തെ സമ്മേളനം 14-10-2002 ന് പേരാവൂരിലുള്ള പന്തപ്ലാക്കല്‍ പി.റ്റി.ജോസഫിന്റെ ഭവനത്തില്‍ ചേരുകയുണ്ടായി. നിര്‍ഭാഗ്യവശാല്‍ മുപ്പത്തിയേഴു വര്‍ഷങ്ങള്‍ കൂടിയുണ്ടാകുന്ന ഏറ്റവും വലിയ മഴയും വെള്ളപ്പൊക്കവും അന്നാണുണ്ടായത്. കുടുംബയോഗത്തിന് വീട്ടില്‍ നിന്നും തിരിച്ച ധാരാളം പേര് വഴിയില്‍ കുടുങ്ങിപ്പോയി. പ്രതികൂല കാലാവസ്ഥ കാരണം ഒന്നാമത്തെ കുടുംബയോഗത്തിന്റെ വിജയത്തില്‍ സംഘാടകര്‍ അങ്ങേയറ്റം ആശങ്കയിലായി. ഈ പ്രതിബന്ധങ്ങളെല്ലാം ഉണ്ടായെങ്കിലും നമ്മുടെ ഒന്നാമത്തെ കുടുംബയോഗം വളരെ നല്ലനിലയില്‍ സംഘടിപ്പിക്കുവാന്‍ കഴിഞ്ഞത് ഈശ്വരന്റെ പ്രത്യേക അനുഗ്രഹംകൊണ്ടാണ്. മദ്ധ്യപ്രദേശ്-ബാംഗ്ലൂര്‍-കോട്ടയം തുടങ്ങിയ വിദൂര സ്ഥലങ്ങളില്‍ നിന്നുപോലും വളരെ ത്യാഗം സഹിച്ച് കുടുംബാഗങ്ങള്‍ എത്തിച്ചേര്‍ന്നു. സുമാര്‍ 180 പേര് പ്രസ്തുത യോഗത്തിലുണ്ടായിരുന്നു. അവര്‍ 65 കുടുംബങ്ങളുടെ പ്രതിനിധികളായിരുന്നു.
രാവിലെ 11 മണിക്ക് യോഗനടപടികള്‍ ഈശ്വരപ്രാര്‍ത്ഥനയോടെ ആരംഭിച്ചു. നമ്മുടെ കുടുംബയോഗത്തിന്റെ രക്ഷാധികാരി റവ.ഫാ.തോമസ് പന്തപ്ലാക്കല്‍ സി.എം.ഐ മൈസൂരിന്റെ സമര്‍ത്ഥവും ആത്മാര്‍ത്ഥവുമായ നേതൃത്വവും നിര്‍ദ്ദേശങ്ങളും നിയന്ത്രണവും സമ്മേളനത്തില്‍ ആദ്യാവസാനം ഉണ്ടായിരുന്നു. വിവിധ സ്ഥലങ്ങളില്‍ നിന്നും എത്തിച്ചേര്‍ന്ന കുടുംബാംഗങ്ങള്‍ വേദിയിലേക്ക് വന്ന് സ്വയം പരിചയപ്പെടുത്തി. അടുത്ത സ്വന്തക്കാരെങ്കിലും തമ്മില്‍ ആദ്യമായി കണ്ടതും മനസ്സിലാക്കിയതുമായ ഈ രംഗം വികാരതരളിതമായിരുന്നു. നമ്മുടെ കുടുംബത്തില്‍ ഇന്ന് ജീവിച്ചിരിക്കുന്നവരില്‍ ഏറ്റവും പ്രായമുള്ള ഓടംതോട്ടിലെ വര്‍ക്കി പേരപ്പന്റെയും, 88 വയസ്സുള്ള വിലങ്ങാട്ടെ കുട്ടിപാപ്പന്റെയും മരുതോങ്കരയിലെ റോസ-ഇളയമ്മായിയുടെയും സാന്നിദ്ധ്യം ഈ സമ്മേളനത്തെ അക്ഷരാര്‍ത്ഥത്തില്‍ ധന്യമാക്കി.
കലാ-സാഹിത്യ-കായിക-സാമൂഹികരംഗങ്ങളില്‍ ഉന്നതസ്ഥാനീയരായ ധാരാളം പേര് നമ്മുടെ കുടുംബത്തില്‍ ഇന്നുണ്ടെന്നുള്ള തിരിച്ചറിവ് നമ്മുടെ കുടുംബബന്ധത്തെ കൂടുതല്‍ ദൃഢമാക്കി.
ഈ കൂട്ടായ്മയോടനുബന്ധിച്ച് സംഘടിപ്പിച്ച പൊതുയോഗം 12.30 ന് പേരാവൂര്‍ ഫൊറോനപള്ളി വികാരി വെരി.റവ.ഫാദര്‍ സെബാസ്റ്റ്യന്‍ ജോസഫിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന രക്ഷാധികാരിയുടെ ആമുഖപ്രസംഗം ഈ സമ്മേളനത്തിന്റെ അര്‍ത്ഥവും പ്രാധാന്യവും എടുത്തുകാട്ടി. പിന്നീട് കുടുംബയോഗത്തിന്റെ പ്രസിഡന്റും സമ്മേളനം നടത്തുന്ന വീടിന്റെ ഉടമസ്ഥനുമായ പി റ്റി ജോസഫ് എല്ലാവര്ക്കും ഹാര്ദ്ധവമായി സ്വാഗതം ആശംസിച്ചു. അദ്ധ്യക്ഷന്‍ ഹ്രസ്വമായി സംസാരിച്ചു. അപ്രതീക്ഷിതമായി എത്തിച്ചേര്‍ന്ന അതിഥിയായി തൃശൂര്‍ അമലാ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ കാന്‍സര്‍ രോഗവിദഗ്തന്‍ ഡോ.സി.ഡി വര്‍ഗ്ഗീസിന്റെ ഭാഷണം എല്ലാവര്ക്കും ഇഷ്ടപ്പെട്ടു. പേരാവൂര്‍ പള്ളി അസി.വികാരിയുടെ സാന്നിദ്ധ്യവും യോഗത്തിന് മോടികൂട്ടി. കുടുംബയോഗത്തിന്റെ വൈസ് പ്രസിഡന്റ് ശ്രീ.ഔസേപ്പച്ചന് മണക്കടവ് (ആലക്കോട്) എല്ലാവര്ക്കും ഹൃദ്യമായി നന്ദിപറഞ്ഞു. വോളിബോള്രംഗത്ത് ദേശീയതാരമായി വളര്‍ന്നുവന്ന നമ്മുടെ കുടുംബാംഗം ഓടന്തോടിലെ ജോര്‍ജ്ജിന്റെ മകള്‍ റെന്‍സി ജോര്‍ജ്ജിനെയും ദേശീയ സ്കൂള്‍ കായിക മേളയില്‍ ഒന്നാം സ്ഥാനം നേടിയ ആഗ്നസ് മാത്യുവിനെയും വേദിയില്‍ സ്വീകരിച്ച് ആദരിച്ച രംഗം ഒരു വലിയ അനുഭവമായി. ഇടയ്ക്കിടെ നടത്തിയ കാലാപരിപാടികള്‍ പരിപാടികളെ കൂടുതല്‍ രസകരമാക്കി. യോഗത്തിന് ശേഷം ലഭിച്ച വിഭവസമൃദ്ധമായ ഉച്ചഭക്ഷണം എല്ലാവര്ക്കും ഇഷ്ടപ്പെട്ടു.
ഉച്ചഭക്ഷണത്തിനു ശേഷം പൊതുചര്‍ച്ചയുടെ അവസരമായിരുന്നു. എല്ലാവരുടെയും പങ്കാളിത്തം ചര്‍ച്ച സജീവമാക്കി. കുടുംബയോഗം എല്ലാവര്‍ഷവും മുടങ്ങാതെ നടത്തണമെന്ന കാര്യത്തില്‍ ഏകകണ്ഠമായി തീരുമാനം എടുത്തു. കുടുംബയോഗത്തിന്റെ ഭരണഘടന ഏതാനും തിരുത്തലുകളോടെ യോഗം അംഗീകരിച്ചു. ഈ യോഗത്തിന്റെ ചിലവ് എല്ലാവരും കൂടി വഹിക്കുവാന്‍ തീരുമാനിച്ചു. സ്ഥിര മെമ്പര്‍ഷിപ്പായി ഓരോ കുടുംബവും പ്രതിവര്‍ഷം 250 രൂപ വീതം കൊടുക്കണമെന്ന് തീരുമാനിച്ചു. കുടുംബയോഗത്തിന്റെ ഭാഗമായി യുവജനവിഭാഗവും രൂപീകരിക്കുവാന്‍ തീരുമാനിച്ചു. കുടുംബയോഗത്തിന്റെ അടുത്ത മൂന്നുവര്‍ഷത്തെ ഭാരവാഹികളായി താഴെപറയുന്നവരെ തെരഞ്ഞെടുത്തു.
- രക്ഷാധികാരി – റവ.ഫാ. തോമസ്, പന്തപ്ലാക്കല്‍, സി.എം.ഐ മൈസൂര്‍
- പ്രസിഡന്റ് – പി റ്റി ജോസഫ്, പന്തപ്ലാക്കല്‍, പേരാവൂര്‍
- വൈസ്.പ്രസിഡന്റ് – ഔസേപ്പച്ചന് – മണക്കടവ് -ആലക്കോട്
- സെക്രട്ടറി – ചെറിയാന് മാസ്റ്റര്‍, നെടുംപുറം ചാല്, പേരാവൂര്‍
- ട്രഷറര്‍ – ബേബി തോമസ്, കുപ്പായക്കോട്, താമരശ്ശേരി
കമ്മറ്റി അംഗങ്ങള്‍
- ജോണി, ചവറംമൂഴി, കുറ്റ്യാടി
- ജോണി മാത്യു, നീറ്റിക്കോട്ട്, കുറ്റ്യാടി
- തൊമ്മച്ചന്, തോട്ടുമുഖം, അരീക്കോട്
- ഏലിക്കുട്ടി, ഓടന്തോട്
- ജോസ്, മണത്തണ
- ആന്‍സി സെബാസ്റ്റ്യന്‍, പോത്തുകുഴി, തോലമ്പ്ര
- അപ്പച്ചന്, തോപ്പില്‍, അയര്‍ക്കുന്നം
- മത്തായി, കിഴക്കമ്പലം, ആലുവ
യുവജനവിഭാഗം
- സെക്രട്ടറി – തോമസ് പി ജെ, തൊണ്ടിയില്‍
- പ്രസിഡന്റ് – മനോജ് ബേബി, കുപ്പായക്കോട്
ഒരു ദിവസത്തെ നീണ്ടുനിന്ന തിരക്കിട്ട പരിപാടികള്‍ക്കുശേഷം പുതിയ സെക്രട്ടറിയുടെ നന്ദി പ്രകടനത്തോടെ സമ്മേളനം പര്യവസാനിച്ചു.
പുതിയ എക്സിക്യൂട്ടീവ് കമ്മററിയുടെ പ്രഥമയോഗം 12.01.2003 ന് ഓടംതോട് ജോര്‍ജ്ജിന്റെ വീട്ടിലും രണ്ടാമത്തെ യോഗം 16.06.2003 ന് പേരാവൂര്‍, തൊണ്ടിയില്‍ പി.റ്റി ജോസഫിന്റെ വീട്ടിലും മൂന്നാമത്തെ യോഗം 28.09.2003 ന് മരുതോങ്കരയില്‍ ചവറംമൂഴില് ജോണിയുടെ വീട്ടിലും, നാലാമത്തെ യോഗം 16.11.2003 ന് മരുതോങ്കരയില്‍ ജോണി മാത്യുവിന്റെ വീട്ടിലും ചേര്‍ന്നു. ഈ യോഗങ്ങളില്‍ കുടുംബകൂട്ടായ്മയുടെ വിജയകരമായ നടത്തിപ്പിന്റെ കാര്യങ്ങള്‍ സജീവമായി ചര്‍ച്ച ചെയ്ത് ഉചിതമായ തീരുമാനങ്ങള്‍ കാലാകാലം കൈകൊണ്ടിട്ടുണ്ട്. ഈ കമ്മറ്റികളിലെ സജീവമായ ചര്‍ച്ചകളുടെയും ശ്രമകരമായ പ്രവര്‍ത്തനങ്ങളുടെയും ഫലമായി ലഭ്യമായ എല്ലാ മേല്‍വിലാസങ്ങളും ഉള്‍പ്പെടുത്തി ഒരു അഡ്രസ്സ് ബുക്ക് അച്ചടിച്ച് എല്ലാ കുടുംബങ്ങളിലും എത്തിച്ചു കൊടുത്തിട്ടുണ്ട്. ഈ കമ്മറ്റിയുടെ നിരന്തര ശ്രമത്തിന്റെ ഫലമായിട്ടാണ് ഇന്നത്തെ ഈ സമ്മേളനം ഇവിടെ സംഘടിപ്പിക്കുവാന്‍ സാധിച്ചിട്ടുള്ളത്.
ഒന്നാമത്തെ സമ്മേളനപരിപാടികള്‍ വിജയകരമായി സംഘടിപ്പിക്കുന്നതില്‍ കഠിനാധ്വാനം ചെയ്ത് സെക്രട്ടറി സ്ഥാനത്തുനിന്നു വിരമിച്ച ശ്രീ ജോര്‍ജ്ജുകുട്ടി പി.സി താമരശ്ശേരിയുടെ സേവനങ്ങളെ നന്ദിയോടും സ്നേഹത്തോടും കൂടി സ്മരിക്കുകയാണ്.
നമ്മുടെ കുടുംബകൂട്ടായ്മയ്ക്ക് ശോഭനമായ ഒരു ഭാവി പ്രതീക്ഷിച്ചുകൊണ്ട് എല്ലാവരുടെയും ആത്മാര്‍ത്ഥമായ സഹകരണവും അര്പ്പണബുദ്ധിയോടുകൂടിയുള്ള കൂട്ടായ പ്രവര്‍ത്തനങ്ങളും അഭ്യര്‍ത്ഥിച്ചുകൊണ്ട് ഇന്ന് നടക്കുന്ന വിവിധ ചര്‍ച്ചകളില്‍ സൃഷ്ടിപരമായ തീരുമാനങ്ങളും നിര്‍ദ്ദേശങ്ങളും ഉണ്ടാവണം എന്ന് അപേക്ഷിച്ചുകൊണ്ടും ഈ റിപ്പോര്‍ട്ട് ഈ സമ്മേളനത്തില്‍ സവിനയം സമര്‍പ്പിച്ചുകൊള്ളുന്നു.
എന്ന്,
സെക്രട്ടറി ചെറിയാന് മാസ്റ്റര്‍