
ഭൂമിയിലെ സ്വർഗ്ഗം പണിയാൻ
ഭൂമിയിലെ സ്വർഗ്ഗം പണിയുവാൻ നമ്മെ സഹായിക്കുവാനായാണ് ദൈവം മനുഷ്യനായിത്തീർന്നത്. എങ്ങനെയാണ് അപരനുവേണ്ടി ശൂന്യവൽക്കരിക്കേണ്ടത്, ക്ഷമിച്ചു കൊണ്ട് സ്നേഹിക്കേണ്ടത്, സഹിച്ചുകൊണ്ട് മറ്റുള്ളവരുടെ സഹനത്തിൽ പങ്കുചേരേണ്ടത്. എങ്ങോട്ടു സഹകരിക്കാത്തവരോടും അങ്ങോട്ടു സഹകരിക്കേണ്ടത്. മറ്റുള്ളവർക്ക് ജീവനെ സ്വയം ദാനം ചെയ്യേണ്ടത്, മഹത്വങ്ങളെ മാറ്റിവച്ച് ഏറ്റവും എളിയവരോടും താത്മ്യപ്പെടേണ്ടത് എന്ന് നേരിട്ടു കാണിച്ചു തന്നു. അനുദിന ജീവിതത്തിലെ പ്രതിലോമ ശക്തികളെ സ്നേഹത്തോടെ കീഴടക്കുവാനുള്ള ശക്തിയും കൃപയും അനുഗ്രഹങ്ങളും തന്നു കൊണ്ട് ഭൂമിയിലെ സ്വർഗ്ഗം പണിയുവാൻ ഒപ്പം നിൽക്കുന്ന ഒരു ദൈവമാണ് നമ്മുടേത്.
ഈ വിശ്വാസവും ബോദ്ധ്യവും ദൈവത്തിലുള്ള സമർപ്പണവുമാണ് കുടുംബത്തിൻ്റെ വിജയരഹസ്യം.
പന്തപ്ലാക്കൽ കുടുംബത്തിലെ ഓരോ അംഗങ്ങളും ക്രിസ്തു കാണിച്ചു തന്ന മാതൃകകളും, പറഞ്ഞു തന്ന പാഠങ്ങളും സ്വന്തമാക്കുമ്പോൾ നമ്മുടെ ജീവിതം അർത്ഥപൂർണവും, ധന്യവും, മാതൃകാപരവുമായിത്തീരുകയാണ്. ലോകത്തിൽ നല്ല മാതൃകകൾ കുറഞ്ഞു വരുന്നു
എന്നതാണ് അതിൻ്റെ അധഃപതനത്തിനും സമാധാനമില്ലായ്മയ്ക്കും കാരണമായിത്തീരുന്നത്. നമ്മുടെ കുടുംബാംഗങ്ങളുടെ കുട്ടായ്മയെ ദൈവരൂപിയുടെ പ്രചോദനത്തോടെ പരസ്പരം വളർത്തുവാനും ശക്തിപ്പെടുത്തുവാനും ശ്രമിക്കുമ്പോൾ ലോകത്തിനു നൽകുന്ന വലിയ മാതൃകയാണ്.
പന്തപ്ലാക്കൽ എന്ന കുടുംബം പേരു കൊണ്ട് ധ്വനിപ്പിക്കുന്നതുപോലെ പടർന്നു പന്തലിച്ചു കൊണ്ടിരിക്കുന്ന തണണ്‍മരവും ഫലവൃക്ഷവും ആകണം. ഈ വൃക്ഷത്തിൻ്റെ തായ്ത്തണ്ടും തായ്‌വേരും നമ്മെ
ദൈവവിശ്വാസത്തിലും ദൈവപരിപാലനയിലും നിലനിർത്താൻ സഹായിച്ച പൂർവ്വികരാണ്. പടർന്നു വികസിക്കുന്ന ശാഖോപശാഖകളും അതിലെ ഫലങ്ങളും നമ്മുടെ കുടുംബങ്ങളിലെ യുവതലമുറയാണ്. അവരാണ് കുടുംബത്തിൻ്റെ പ്രതീക്ഷ, നാടിൻ്റെ സമ്പത്ത്, ലോകത്തിൻ്റെ ശക്തി. അകലങ്ങൾ കൊണ്ടും സാഹചര്യങ്ങൾ കൊണ്ടും ബന്ധങ്ങൾ തുടരാതിരുന്നതുകൊണ്ടും മനസ്സിലും അകലങ്ങൾ ഉണ്ടായ നമുക്ക് കുടുംബസംഗമങ്ങളിലൂടെ അകലങ്ങളെ അടുപ്പിക്കാം. മറ്റു കുടുംബങ്ങൾക്ക് മാതൃകയാകാം.
നിങ്ങളുടെ സ്വന്തം,
തോമസച്ചൻ പന്തപ്ലാക്കൽ സി.എം.ഐ.
പന്തപ്ലാക്കൽ കുടുംബയോഗ രക്ഷാധികാരി

കുടുംബം നമ്മുടെ ആദ്യത്തെ സ്‌കൂള്‍ ആണ് – ഇവിടെ തന്നെ സ്നേഹവും ശീലവും ജീവിതപാഠങ്ങളും പഠിക്കപ്പെടുന്നു. പ്രതീക്ഷയുടെയും ആശ്വാസത്തിന്റെയും പേരാണ് ‘കുടുംബം’. എത്ര അകലെയായാലും ഹൃദയത്തിൽ എന്നും കൂടെയിരിക്കുക – കുടുംബം അതാണ്. ഒരു നല്ല കുടുംബം ജീവിതത്തിലെ എല്ലാ പ്രതിസന്ധികളെയും അതിജീവിക്കാൻ കരുത്ത് നൽകും.
പന്തപ്ലാക്കൽ കുടുംബത്തിനായി പ്രത്യേകം സൃഷ്ടിച്ച ഒരു വെബ്‌സൈറ്റ് നമ്മുടെ ബന്ധങ്ങളെ ഒരു ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ കൂട്ടിയിണക്കുകയാണ്. കുടുംബത്തെക്കുറിച്ചുള്ള ഓർമ്മകളും, ചരിത്രവും, ഫോട്ടോകളും ഒരേ ഇടത്ത് സംരക്ഷിക്കാൻ ഫാമിലി വെബ്സൈറ്റ് വലിയ സഹായമാണ്.
പുതിയ തലമുറയ്ക്ക് കുടുംബത്തിന്റെ വേരുകളെയും പൈതൃകങ്ങളെയും അറിയാൻ ഫാമിലി വെബ്സൈറ്റ് അതുല്യമായൊരു വാതിലായി മാറുന്നു.
വിവിധ രാജ്യങ്ങളിലായുള്ള കുടുംബാംഗങ്ങളെ ഒരുമിപ്പിക്കുന്നതിൽ ഫാമിലി വെബ്സൈറ്റ് വലിയ പങ്കുവഹിക്കുന്നു. ഒരു click കൊണ്ട് വിവരങ്ങൾ അറിയാൻ കഴിയുന്ന family website കുടുംബത്തിന്റെയും സൗഹൃദത്തിന്റെയും ആധുനിക രൂപമാണ്.
നമ്മുടെ കുടുംബ ചരിത്രം രേഖപ്പെടുത്താനും സംരക്ഷിക്കാനും family website എക്കാലത്തേക്കുള്ള ഓർമ്മപുസ്തകമാണ്. ഇതൊരു വെബ്സൈറ്റ് മാത്രമല്ല – ഒരു കുടുംബത്തിന്റെ ഡിജിറ്റൽ വീടാണ്. ഈ വെബ്സൈറ്റ് നമ്മുടെ കുടുംബത്തിന് തമ്മിലുള്ള ബന്ധം കൂടുതൽ അഗാധമാക്കട്ടെ ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലവരേയും അഭിനന്ദിക്കുനു
സ്നേഹപൂർവ്വം,
സനീഷച്ചൻ എം എസ് റ്റി
പന്തപ്ലാക്കൽ കുടുംബയോഗ സഹ-രക്ഷാധികാരി

പന്തപ്ലാക്കൽ കുടുംബയോഗത്തിൻ്റെ വളർച്ച പന്തപ്ലാക്കൽ കുടുംബാംഗങ്ങൾ തമ്മിലുമുള്ള കുടുംബബന്ധങ്ങളുടെ വളർച്ചയാണ്. കുടുംബങ്ങൾ തമ്മിലും കുടുംബത്തിലെ വ്യക്തികൾ തമ്മിലുള്ള ബന്ധമാണ് കുടുംബത്തിൻ്റെ ഏറ്റവും വലിയ സമ്പത്ത്. പന്തപ്ലാക്കൽ കുടുംബാംഗങ്ങൾ തങ്ങളുടെ സ്നേഹവും ഐക്യവും ഊട്ടിയുറപ്പിക്കുന്നത് സ്നേഹത്തിൻ്റെ ഐക്യത്തിൽ ഒന്നിക്കുന്ന വാർഷിക കുടുംബ സമ്മേളനങ്ങളിലാണ്. ദൈവസ്നേഹത്തിൻ്റെ അനുഗ്രഹസമ്പന്നമായ 22 വർഷങ്ങൾ. കൂട്ടായ്‌മയുടെ ദീപശിഖ അണയാതെ പ്രോജ്വലിപ്പിച്ച 22 വാർഷിക സമ്മേളനങ്ങൾ. 2001 ൽ, മനസ്സിലുദിച്ച പന്തപ്ലാക്കൽ കുടുംബയോഗം എന്ന ആശയം പ്രാവർത്തികമാക്കാൻ എല്ലാ തിരക്കുകൾക്കിടയിലും നിരന്തരമായ ചർച്ചകൾക്ക് സമയം മാറ്റിവച്ച്, കൃത്യമായ അഭിപ്രായങ്ങളും, നിർദേശങ്ങളും, വിമർശനങ്ങളും നൽകി വളർത്തിയ പ്രിയപ്പെട്ട രക്ഷാധികാരി, പന്തപ്ലാക്കൽ കുടുംബാംഗങ്ങളായ വൈദികർ, സമർപ്പിതർ, ആദ്യ 11 വർഷം ബാലാരിഷ്ടതകളിൽ കുടുംബയോഗത്തെ നയിച്ച സ്ഥാപക നേതൃത്വം. കഴിഞ്ഞ 22 വർഷങ്ങൾ പന്തപ്ലാക്കൽ കുടുംബയോഗത്തെ നയിച്ച ധീരമായ നേതൃത്വം, യുവജന വിഭാഗത്തെ നയിച്ച നേതൃത്വം, 22 വർഷം വാർഷിക കുടുംബ സമ്മേളങ്ങൾക്ക് ആതിഥേയത്വം വഹിച്ച കുടുംബാംഗങ്ങൾ എന്നിവരെ ഹൃദയം നിറഞ്ഞ നന്ദിയോടെയും, സ്നേഹത്തോടെയും ഓർക്കുന്നു.
കർമ്മ സാഫല്യത്തിൻ്റെ മറ്റൊരു നാഴികകല്ലുകൂടി ഇവിടെ തെളിയുകയാണ് 2013 നവംബർ 9 ന് പാലാ കാഞ്ഞിരമറ്റത്ത് പി എം ചാക്കോയുടെ ഭവനത്തിൽ നടന്ന പന്ത്രണ്ടാമത് വാർഷിക സമ്മേളനത്തിൽ ബഹുമാനപ്പെട്ട ജോസ് കെ മാണി എം പി ഉത്‌ഘാടനം ചെയ്‌ത പന്തപ്ലാക്കൽ കുടുംബ വെബ്സൈറ്റ് കൂടുതൽ പുതുമകളോടെ 2023 നവംബർ 11 ന് കാഞ്ഞിരപ്പള്ളി തമ്പലക്കാട് ജോസ് ജോർജിൻ്റെ ഭവനത്തിൽ നടന്ന ഇരുപത്തിഒന്നാമത് വാർഷിക സമ്മേളനത്തിൽ ബഹുമാനപ്പെട്ട കേരളാ ഗവ. ചീഫ് വിപ്പ് ഡോ. എൻ ജയരാജ് നവീകരിച്ച കുടുംബവെബ് സൈറ്റ് ഉദ്ഘാടനം ചെയ്‌തതും എല്ലാവർക്കും അറിയാവുന്നതാണല്ലോ നവീകരിച്ച വെബ് സൈറ്റ് പൂർണ്ണ രൂപത്തിൽ എല്ലാവർക്കുമായി സമർപ്പിക്കുകയാണ്. ഈ സംരഭത്തിന് പിന്നിൽ കഠിനാധ്വാനം ചെയ്‌ത എല്ലാവരെയും നന്ദിയോടെ ഓർക്കുന്നു. വിവര സാങ്കേതിക വിദ്യയിൽ വിരൽ തുമ്പിൽ നമ്മുടെ കുടുംബാംഗങ്ങൾക്ക് വിവരങ്ങൾ അറിയുവാനും, അറിയിക്കുവാനും, കാണുവാനും, കേൾക്കുവാനും സാധിക്കട്ടെ…
പ്രാർത്ഥനാശംസകളോടെ,
ബേബി പന്തപ്ലാക്കൽ കുപ്പായക്കോട്
പന്തപ്ലാക്കൽ കുടുംബയോഗം പ്രസിഡന്റ്

