പന്തപ്ലാക്കല്‍ കുടുംബസംഗമം
11-ാം സമ്മേളന റിപ്പോര്‍ട്ട്

Date: 10-11-2012
പി.എം.ചാക്കോ, കാഞ്ഞിരമറ്റം, പാലാ

പഴമയുടേയും പാരമ്പര്യത്തിന്‍റെയും സംസ്കാരത്തിന്‍റേയും സിരാകേന്ദ്രമായ പാലായ്ക്കടുത്തുള്ള പന്തത്തലയില്‍ തുടക്കം കുറിച്ച് ഒന്നര നൂറ്റാണ്ടുകൊണ്ട് ഒരു വലിയ വടവൃക്ഷം പോലെ ശാഖകളും ഉപശാഖകളുമായി പടര്‍ന്ന് പന്തലിച്ച് നില്‍ക്കുന്ന, പന്തപ്ലാക്കല്‍ കുടുംബയോഗത്തിന്‍റെ 11-ാം വാര്‍ഷിക സമ്മേളനം കണ്ണൂര്‍ ജില്ലയില്‍ നെടും പൊയില്‍ ശ്രീമാന്‍ ചെറിയാന്‍ മാസ്റ്ററുടെ പന്തപ്ലാക്കല്‍ ഭവനത്തില്‍ ചേര്‍ന്ന കുടുംബ കൂട്ടായ്മയുടേയും നാളിതുവരെയുള്ള പ്രവര്‍ത്തനത്തിന്‍റെയും ഒരു സംക്ഷിപ്ത റിപ്പോര്‍ട്ട്,. 12-ാം വാര്‍ഷിക സമ്മേളനം നടക്കുന്ന ഈ അനുഗ്രഹീത സന്ദര്‍ഭത്തില്‍ നിങ്ങളുടെ മുന്‍പാകെ സവിനയം അവതരിപ്പിക്കട്ടെ.

മീനച്ചില്‍ താലൂക്കിലെ പന്തത്തലയില്‍ തായ്‌വേരുള്ളതായ നമ്മുടെ കുടുംബം ഇന്ന് താലൂക്കും ജില്ലയും സംസ്ഥാനവും രാജ്യവും കടന്ന് അന്യനാടുകളില്‍ പോലും വളര്‍ന്നു കഴിഞ്ഞു. അവരെയെല്ലാം വര്‍ഷത്തിലൊരിക്കലെങ്കിലും ഒന്നിച്ചു ചേര്‍ക്കുക എന്ന മഹത്തായ ലക്ഷ്യമാണ് നമ്മള്‍ ഈ കുടുംബയോഗങ്ങള്‍ കൊണ്ട് ലക്ഷ്യമിടുന്നത് ഈ സംരംഭം 100 % വിജയത്തിലെത്തിക്കാന്‍ നമുക്ക് കഴിഞ്ഞിട്ടില്ല. അതിനായ് നമുക്ക് ഒന്നിച്ച് ആത്മാര്‍ത്ഥമായി പരിശ്രമിക്കാം.

10-11-12 ന് ശനിയാഴ്ച 6-45 ന് നെടുംപുറംചാല്‍ സെന്‍റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍ നമ്മുടെ രക്ഷാധികാരി റവ. ഫാ. തോമസ് പന്തപ്ലാക്കല്‍ ദിവ്യബലിയും നമ്മുടെ പ്രിയപ്പെട്ട മണ്‍മറഞ്ഞ കുടുംബാംഗങ്ങള്‍ക്കു വേണ്ടിയുള്ള ഒപ്പീസും നടത്തി.
8 മണിക്ക് രജിസ്ട്രേഷനോടുകൂടി കുടുംബയോഗ സമ്മേളനം ആരംഭിച്ചു. 200 ല്‍ പരം കുടുംബാംഗങ്ങള്‍ സമ്മേളനത്തില്‍ സജീവമായി പങ്കെടുത്തു.തുടര്‍ന്ന് പ്രഭാത ഭക്ഷണമായിരുന്നു. 9 മണിക്ക് കൊച്ചു മക്കളുടെ ഈശ്വര പ്രാര്‍ത്ഥനയോടുകൂടി യോഗ നടപടികള്‍ ആരംഭിച്ചു. അന്നത്തെ സെക്രട്ടറിയും സമ്മേളനം നടക്കുന്ന ഭവനത്തിന്‍റെ നാഥനുമായ ചെറിയാന്‍ മാസ്റ്ററിന്‍റെ സ്വാഗത ഭാഷണം ഹൃദ്യമായിരുന്നു. തുടര്‍ന്ന് അധ്യക്ഷഭാഷകന്‍ മുന്‍ പ്രസിഡന്‍റ് പി.ടി. ജോസഫ് കുടുംബയോഗത്തിന്‍റെ വിജയത്തിനായി യുവതലമുറയുടെ പങ്കാളിത്തത്തെപ്പറ്റി സ്നേഹത്തിന്‍റെ ഭാഷയില്‍ വളരെ ഗഗനമായി സംസാരിച്ചു.
അതിനുശേഷം രക്ഷാധികാരി റവ. ഫാദര്‍. തോമസ് പന്തപ്ലാക്കല്‍ കഴിഞ്ഞ സമ്മേളനത്തിനു ശേഷം നമ്മെ വിട്ടു പിരിഞ്ഞ കുടുംബാംഗങ്ങളെ ഓരോരുത്തരെയും സ്മരിച്ചുകൊണ്ട് വളരെ വിഷാദ വിവശനായി സംസാരിച്ചു. ആത്മീയ ജീവിതത്തില്‍ ഒരുപാട് അനുഭവങ്ങളും അറിവുമുള്ള രക്ഷാധികാരി കുടുംബ ജീവിതത്തിന്‍റെ നാനാ വശങ്ങളെ പറ്റി കുടുംബാംഗങ്ങളെ വളരെ വിശദമായി പറഞ്ഞു മനസ്സിലാക്കി.

പിന്നീട് ഏതു വിഷയത്തേയും കരുതലാമലകം പോലെ കൈകാര്യം ചെയ്യുവാന്‍ കഴിവുള്ള അന്നത്തെ സെക്രട്ടറി ശ്രീ ചെറിയാന്‍ മാസ്റ്റര്‍ മുന്‍ വര്‍ഷത്തെ സമ്മേളനത്തിന്‍റേയും തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങളുടേയും വിശദമായ റിപ്പോര്‍ട്ടും വരവു ചിലവുകണക്കുകളും അവതരിപ്പിച്ചു. റിപ്പോര്‍ട്ട് ഭേദഗതികള്‍ ഒന്നും കൂടാതെ കൈയ്യടിച്ചു പാസ്സാക്കി.

തുടര്‍ന്നു നടന്നത് ഉത്ഘാടനമായിരുന്നു. അതിനായി സാമൂഹിക സാംസ്കാരിക രംഗങ്ങളില്‍ അറിയപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്യുന്ന കണ്ണൂര്‍, പേരാവൂര്‍ നിയോജക മണ്ഡലം എം.എല്‍.എ ശ്രീമാന്‍ അഡ്വ. സണ്ണി ജോസഫായിരുന്നു. അദ്ദേഹം തിരുവിതാംകൂറില്‍ നിന്നും നമ്മുടെ കുടുംബാംഗങ്ങള്‍ക്ക് ഒപ്പമായിരുന്നു വേദിയില്‍ എത്തിച്ചേര്‍ന്നത്. അദ്ദേഹം ഈ നൂറ്റാണ്ടില്‍ തകര്‍ന്നുകൊണ്ടിരിക്കുന്ന കുടുംബ ബന്ധങ്ങളെ പറ്റി വളരെ അര്‍ത്ഥവത്തായി സംസാരിച്ചു. കൂട്ടത്തില്‍ തിരുവിതാംകൂറില്‍ നിന്നു പോലും ദൂരവും സാമ്പത്തിക നഷ്ടവും പരിഗണിക്കാതെ എത്തിയവരെ മുക്തകണ്ഡം പ്രശംസിച്ചു.

മുഖ്യ പ്രഭാഷണത്തിനായി എത്തിച്ചേര്‍ന്നത് നെടുംപുറംചാല്‍ പള്ളി വികാരി റവ.ഫാ.ഫ്രാന്‍സിസ് മറ്റം ആയിരുന്നു. കുടുബ ബന്ധങ്ങളില്‍ ദൈവ വിശ്വാസത്തിന്‍റെ പ്രാധാന്യത്തെപ്പറ്റി ആധികാരികമായി സംസാരിച്ചു. തുടര്‍ന്ന് നമ്മുടെ കുടുംബാംഗമായ റവ. ഫാ.സെബാസ്റ്റ്യന്‍ അരിച്ചാലില്‍, പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ.എം. രാജന്‍ എന്നിവര്‍ നടത്തിയ ആശംസകള്‍ അവസരോചിതവും ചിന്തിപ്പിക്കുന്നതുമായിരുന്നു.
പൊതു സമ്മേളനത്തില്‍ നന്ദി പ്രകടനത്തിനായി എത്തിയത് ആതിഥേയ കുടുംബനാഥ, ശ്രീമതി തങ്കമ്മ ടീച്ചറായിരുന്നു.
പരിചയവും, പങ്കാളിത്തവും അനുഭവ ജ്ഞാനവും ഏറെയുളള്ള തങ്കമ്മ ടീച്ചര്‍ സമ്മേളനത്തില്‍ പങ്കെടുത്ത മുഴുവന്‍ പേര്‍ക്കും അതിന്‍റെ വിജയത്തിനായി അണിയറയില്‍ പ്രവര്‍ത്തിച്ച മുഴുവന്‍ പേര്‍ക്കും ലളിതമായ ഭാഷയില്‍ നന്ദി അറിയിച്ചു.

തുടര്‍ന്ന് മാനസ്സിക സമ്മര്‍ദ്ദം, വ്യക്തി ജീവിതത്തിലും കുടുംബ ജീവിതത്തിലും വരുത്തിയേക്കാവുന്ന മാറ്റങ്ങളെപ്പറ്റിയും അതിനുള്ള പരിഹാര മാര്‍ഗ്ഗങ്ങളെ പറ്റിയും ഡോ. സെസിങ്ങ് MBBS, MD സൈക്യാട്രി അസോസ്സിയേറ്റ് പ്രൊഫസര്‍ ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളേജ് തൃശൂര്‍ നടത്തിയ ക്ലാസ് വളരെ പ്രയോജനകരമായിരുന്നു.

വീണ്ടും ക്ലാസ്സുമായി വന്നത് ഡോ ധന്യ സെബിയായിരുന്നു. കുട്ടികളുടെ മാനസ്സിക ആരോഗ്യമെന്ന വിഷയത്തെപ്പറ്റി സാധാരണ വീട്ടമ്മമാര്‍ക്ക് മനസ്സിലാകുന്ന ഭാഷയില്‍ ബോധവല്‍ക്കരണ ക്ലാസ്സ് നടത്തി. അത് വളരെ വിജ്ഞാനപ്രദമായിരുന്നു.

വിമല്‍ജോതി എഞ്ചിനീയറിംഗ് കോളേജ് അസോസ്സിയേറ്റ് പ്രഫസര്‍ ശ്രീമാന്‍ പി.ജെ ജോസഫ് കുടുംബത്തിലെ വ്യക്തി ബന്ധങ്ങള്‍ എന്ന വിഷയത്തെ രസകരമായ കളികളിലൂടെ അവതരിപ്പിച്ചു. ആബാലവൃന്ദം ജനങ്ങളെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള പ്രവര്‍ത്തനമായിരുന്നു.
KCYM സംസ്ഥാന സിന്‍ഡിക്കേറ്റ് മെമ്പര്‍ ശ്രീമാന്‍ റിജു മൈലംപ്പെട്ടി കുടുംബ ഭദ്രതയില്‍ യുവജനങ്ങളുടെ പങ്കാളിത്തത്തെ കുറിച്ച് ബോധവല്‍ക്കരണ ക്ലാസ് നടത്തി.
വര്‍ത്തമാന കാലത്തെ കുടുംബങ്ങള്‍ നേരിടുന്ന വെല്ലുവിളികള്‍ എന്ന വിഷയത്തെ ആസ്പദമാക്കി മഹാരാജാസ് കോളേജ് റിട്ട. പ്രഫസര്‍ ശ്രീമാന്‍ കെ. പി ജോസഫ് ലളിതമായ ശൈലിയില്‍ വാക്കുകള്‍ ചുരുക്കിയും എന്നാല്‍ വിപുലമായ അറിവുകളെ സംഗ്രഹിച്ചും സംസാരിച്ചു.

പിന്നീട് വിഭവസമൃദ്ധവും സ്വാദിഷ്ഠവുമായ ഭക്ഷണമായിരുന്നു. യാതൊരു പരാതികള്‍ക്കും ഇടം കൊടുക്കാതെ വേണ്ട വിധത്തില്‍ എല്ലാവരേയും ഒരേ രീതിയില്‍ കൈകാര്യം ചെയ്യുന്നതിന് നമ്മുടെ മെമ്പര്‍മാര്‍ പരമാവധി ശ്രദ്ധിച്ചു.

പിന്നീട് നടന്നത് കുടുംബ യോഗത്തിന്‍റെ പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പായിരുന്നു. 

  • പ്രസിഡന്‍റ്  : ബേബി കുപ്പായക്കോട്ട്
  • വൈസ് പ്രസിഡന്‍റ് : റിജുമോന്‍ മൈലംപെട്ടി
  • സെക്രട്ടറി : ജോസ് കല്ലാനോട്
  • ജോ സെക്രട്ടറി : ജോയി അണിയറ
  • ട്രഷറര്‍ : ടോമി വീര്‍പ്പാട്
  • യൂത്ത് വിംഗ് പ്രസിഡന്‍റ് : മനോജ് കുപ്പായക്കോട്
  • സെക്രട്ടറി : മാത്തുക്കുട്ടി വീര്‍പ്പാട്

എക്സിക്യൂട്ടവ് കമ്മിറ്റിയിലേക്ക് പുതിയതായി തിരഞ്ഞെടുക്കപ്പെട്ടവര്‍

  • ജോര്‍ജ്കുട്ടി കോഴിക്കോട്
  • സെബാസ്റ്റ്യന്‍ ആലക്കോട്
  • മുന്‍ പ്രസിഡന്‍റ് പി.ടി ജോസഫ് ്
  • മുന്‍ സെക്രട്ടറി ചെറിയാന്‍ മാസ്റ്റര്‍
  • സിബി ചെമ്പനോട.

യുവ ജനവിഭാഗത്തിലേക്ക് പുതിയതായി തിരഞ്ഞെടുക്കപ്പെട്ടവര്‍:-

  • റിജുമോന്‍ മൈലംപെട്ടി
  • റോഷന്‍ സെബാസ്റ്റ്യന്‍
  • നീനു ജേക്കബ്
  • മഞ്ചു.പി.റ്റി
  • ജോസഫീന ജോസഫ്

പിന്നീട് നമ്മുടെ സമ്മേളനത്തിന് ആവേശം പകരുന്ന വടംവലി മത്സരവും നടത്തി. അഞ്ചു മണിക്ക് സമാപന സമ്മേളനത്തില്‍ സമ്മാനാര്‍ഹരായ മുഴുവന്‍ പേര്‍ക്കും സമ്മാനങ്ങള്‍ വിതരണം ചെയ്തു. മുഴുവന്‍ സമ്മാനങ്ങളും സ്പോണ്‍സര്‍ ചെയ്തത് ബുള്ളറ്റ് ലോജിസ്റ്റിക് ഇന്‍ഡ്യ പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ശ്രീമാന്‍ ബിജു ജേക്കബ് പതിയിലായിരുന്നു.

കഴിഞ്ഞ സമ്മേളനത്തിനുശേഷം മൂന്ന് എക്സിക്യൂട്ടീവ് യോഗങ്ങള്‍ കൂടുകയും കുറെ നല്ല തീരുമാനങ്ങള്‍ എടുക്കുകയും കുറച്ചു കാര്യങ്ങള്‍ നടപ്പില്‍ വരുത്തുകയും ചെയ്തു.

  • ക്രിസ്തുമസ് ആശംസകള്‍ മുഴുവന്‍ വീടുകളിലും എത്തിച്ചു.
  • നമ്മുടെ കുടുംബാംഗമായ ഫാദര്‍ ധനേഷ് തൃശൂരിന്‍റെ പുത്തന്‍ കുര്‍ബ്ബാനയില്‍ പങ്കെടുക്കുകയും ഉപഹാരം കൊടുക്കുകയും ചെയ്തു.
  • കുടുംബ വിവര ബയോഡാറ്റാ എല്ലാ കുടുംബങ്ങളിലുമെത്തിച്ചു കൊടുത്തു. അതിന്‍റെ തുടര്‍ പ്രവര്‍ത്തനം എന്ന നിലയില്‍ വെബ്സൈറ്റിന്‍റെ പ്രവര്‍ത്തനം നടത്തി കൊണ്ടിരിക്കുന്നു. അതിനായുള്ള കമ്മിറ്റിയില്‍ സെബാസ്റ്റ്യന്‍ ആലക്കോട്, റിജുമോന്‍ മൈലംപെട്ടി, മാത്തുക്കുട്ടി വീര്‍പാട്, സന്തോഷ് അണുങ്ങോട് എന്നിവരെ ചുമതല ഏല്‍പ്പിച്ചു. അവരുടെ നിരന്തര പരിശ്രമത്തിന്‍റെ ഫലമാണ് ഇന്ന് നടക്കാന്‍ പോകുന്ന www.panthaplackal.com എന്ന വെബ് സൈറ്റ് ഉദ്ഘാടനം. ഇതിനായി തങ്ങളുടെ വിലയേറിയ സമയവും പണവും മുടക്കി ഈ പ്രവര്‍ത്തനങ്ങളില്‍ ആത്മാര്‍ത്ഥമായി സഹകരിച്ച എക്സിക്യൂട്ടീവ് കമ്മിറ്റിഅംഗങ്ങളെ ഈ സന്ദര്‍ഭത്തില്‍ നന്ദിയോടും സ്നേഹത്തോടും കൂടി സ്മരിക്കുകയും ആഭിനന്ദിക്കുകയും ചെയ്യുന്നു.

കുടൂംബക്കൂട്ടായ്മയുടെ സുഗമമായ പ്രവര്‍ത്തനത്തിനാവശ്യമായ ഫണ്ട് സ്വരൂപിക്കുന്നതിനായി 50,000/- രൂപയുടെ ചിട്ടി തുടങ്ങാന്‍ തീരുമാനിച്ചു. അതിന്‍റെ നടത്തിപ്പിനായി ഒരു കമ്മിറ്റിക്ക് രൂപം നല്‍കി, സന്തോഷ് അണുങ്ങോട്, മാത്തുകുട്ടി വീര്‍പ്പാട്, മനോജ് കുപ്പായക്കോട്, റിജുമോന്‍ മൈലംപെട്ടി എന്നിവരെ കമ്മിറ്റിയുടെ ചുമതല ഏല്‍പ്പിച്ചു.

പതിനൊന്നാം സമ്മേളനം ഇത്രയും വിജയകരമാക്കി സംഘടിപ്പിച്ചതിന്‍റെ മുഴുവന്‍ ക്രെഡിറ്റും ചെറിയാന്‍ മാസ്റ്റര്‍ക്കും കുടുംബത്തിനുമാണ്. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് കൂടുതല്‍ പുതുമയാര്‍ന്ന പരിപാടികളോടെ ഈ സംഗമത്തെ അതിന്‍റെ പൂര്‍ണ്ണതയില്‍ എത്തിക്കാന്‍ സാധിച്ചു. ആയതിനാല്‍ ചെറിയാന്‍ മാസ്റ്റര്‍ക്കും കുടുംബത്തിനും പന്തപ്ലാക്കല്‍ കുടുംബ കൂട്ടായ്മയുടെ പേരില്‍ ഹൃദയം നിറഞ്ഞ നന്ദിയും സ്നേഹവും പ്രകടിപ്പിച്ചുകൊണ്ട് ഈ റിപ്പോര്‍ട്ട് 12-ാം സമ്മേളനത്തില്‍ സവിനയം വെക്കുന്നു.

എന്ന്
ജോസ് കല്ലാനോട്

Scroll to Top