പന്തപ്ലാക്കല്‍ കുടുംബസംഗമം
13-ാം സമ്മേളന റിപ്പോര്‍ട്ട്

Date: 03-11-2014
ജോസ് തോമസ് പൈസക്കരി

അധിനിവേശത്തിന്‍റെയും കൊമ്പുകോര്‍ക്കലിന്‍റെയും പ്രതിരോധ പ്രകടന ങ്ങളുടേയും പെരുമ്പറ കൊട്ടുന്ന ഈ കാലഘട്ടം മാധ്യമ മൂല്യങ്ങളും മനസ്സാക്ഷിയും കാറ്റില്‍ പറത്തി സ്വന്തം ഇഷ്ടത്തിനും താല്‍പര്യങ്ങള്‍ക്കും വേണ്ടി മന്ത്രിക്കുന്ന ലോകരാഷ്ട്ര നേതൃത്വങ്ങള്‍ സ്ത്രീത്വത്തെ പോലും പരസ്യമായി തെരുവില്‍ അധിക്ഷേപിക്കുന്ന കാലം.

ഇതിനിടയില്‍ സ്നേഹവും ഐക്യവും കൂട്ടായ്മയും നില നിര്‍ത്തുക എന്നത് വളരെ ദുഷ്കരം. നമ്മുടെ മുന്‍തലമുറക്കാര്‍ നമുക്കു നേടിത്തന്ന നമ്മളെ ഏല്‍പ്പിച്ച സ്നേഹത്തിന്‍റെയും കൂട്ടായ്മയുടേയും ഐക്യത്തിന്‍റെയും ദീപശിഖ വീണ്ടും ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് 2015 ലെ കുടുംബകൂട്ടായ്മയുടെ ആഘോഷങ്ങളുമായി ഒരുമിച്ചിരിക്കയാണ്. വിദൂരങ്ങളില്‍ ചിതറിക്കിടക്കുന്ന നമ്മുടെ കുടുംബാംഗങ്ങളെ വര്‍ഷത്തിലൊരിക്കല്‍ ഒന്നിച്ചു കൂട്ടാനുള്ള നമ്മുടെ ശ്രമം ഓരോ വര്‍ഷം പിന്നിടുമ്പോഴും കൂടുതല്‍ പൂര്‍ണ്ണത കൈവരിച്ചു കൊണ്ടിരിക്കുന്നുവെന്നത് നമുക്ക് ആഭിമാനത്തോടുകൂടി പറയുവാന്‍ കഴിയും. ഇനിയും കുടുംബബന്ധങ്ങള്‍ ഒന്നിനൊന്ന് കൂടുതല്‍ ശക്തിപ്പെടുത്തുവാനായി നമുക്ക് ഒരുമയോടെ കൈകോര്‍ക്കാം.

13-ാം വാര്‍ഷിക സമ്മേളനം
2013 നവംബര്‍ 9-ാം തീയതി ശനിയാഴ്ച പാലാ കാഞ്ഞിരമറ്റത്ത് ശ്രീ പി.എം. ചാക്കോ പന്തപ്ലാക്കലിന്‍റെ ഭവനത്തില്‍ നിന്നും, കുടുംബാംഗ സമ്മേളനത്തിന്‍റെ ദീപ ശിഖ ഏറ്റുവാങ്ങി. മലബാറില്‍ പൈസക്കരിയിലെ ശ്രീ ജോസ് തോമസ് പന്തപ്ലാക്കലിന്‍റെ ഭവനത്തില്‍ നിന്ന് ആ സുദിനം 2014 നവംബര്‍ 3 തിങ്കളാഴ്ച ആര്‍ക്കും മറക്കാവുന്നതല്ല. ഒരുപാടുപേരുടെ പരിശ്രമത്തിന്‍റെയും ത്യഗത്തിന്‍റെയും കൂടിച്ചേരലായിരുന്നു അത്. പൈസക്കരിയുടെ മലമടക്കുകളില്‍ നമ്മുടെ കൂട്ടായ്മയുടെ മാറ്റൊലി കൊണ്ടു ഒരു പക്ഷെ, പൈസക്കരിയിലെ തന്നെ ഒരു വലിയ ഭവനമായി മാറിയിരിക്കാം.

ഈ സമ്മേളനത്തില്‍ 230 കുടുംബങ്ങളില്‍ നിന്നായ് 500 ല്‍ പരം കുടുംബാംഗങ്ങള്‍ പങ്കെടുത്തു. രാവിലെ 7.45. ന് പൈസക്കരി ദേവമാതാ പള്ളിയില്‍ കുടുംബയോഗത്തിന്‍റെ രക്ഷാധികാരി ഫാ. തോമസ് പന്തപ്ലാക്കല്‍ സി.എം.ഐ മണ്‍മറഞ്ഞുപോയ നമ്മുടെ പ്രിയപ്പെട്ട കുടുംബാംഗങ്ങളെ അനുസ്മരിച്ച് ദിവ്യബലിയും സെമിത്തേരിയില്‍ ഒപ്പീസും ചൊല്ലി പ്രാര്‍ത്ഥിച്ചു. കൃത്യം 8.30 ന് രജിസ്ട്രേഷന്‍ ആരംഭിച്ചു. 9 മണിക്ക് പ്രഭാത ഭക്ഷണം. പിന്നീട് അഭിവന്ദ്യ പിതാവിനും വിശിഷ്ടാതിഥികള്‍ക്കും സ്വീകരണമായിരുന്നു. തുടര്‍ന്ന് ഈശ്വര പ്രാര്‍ത്ഥനയോടു കൂടി സമ്മേളനം ആരംഭിക്കുകയായി. കുടുംബ യോഗ കണ്‍വീനര്‍ ശ്രീ ജോസ് തോമസ് പന്തപ്ലാക്കല്‍ പൈസക്കരി വിശിഷ്ടാതിഥികളെയും, കുടുംബാംഗങ്ങളേയും സ്വാഗതം ചെയ്തു. കുടുംബയോഗ രക്ഷാധികാരി റവ. ഫാ. തോമസ് പന്തപ്ലാക്കല്‍ ആമുഖ പ്രസംഗവും കുടുംബയോഗ പ്രസിഡന്‍റ്ശ്രീ ബേബി പി.റ്റി. അദ്ധ്യക്ഷപ്രസംഗവും നടത്തി.

തലശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ്ജ് ഞരളക്കാട്ട് കുടുംബ യോഗ സംഗമം ഉല്‍ഘാടനം ചെയ്തു. പന്തപ്ലാക്കല്‍ കുടംബങ്ങളുടെ ഐക്യത്തെപ്പറ്റിയും കുടുംബ നേതൃത്വ കെട്ടുറപ്പിനെപ്പറ്റിയും അദ്ദേഹം ആത്മാര്‍ത്ഥമായി പ്രശംസിച്ചു. ഇതുപോലെയുള്ള കുടുംബയോഗങ്ങള്‍ രൂപം കൊള്ളുന്നത് കാലഘട്ടത്തിന്‍റെ ആവശ്യമാണെന്ന് ഉദ്ബോധിപ്പിച്ചു. തുടര്‍ന്ന് അദ്ദേഹം ആതിഥേയ കുടുംബത്തിലെ അമ്മച്ചിയെ പൊന്നാട അണിയിച്ച് സ്വീകരിച്ചിരുത്തി.

പിന്നീട് കണ്ണൂര്‍ ഡി.സി.സി സെക്രട്ടറി, മലയോരങ്ങളില്‍ വികസനത്തിന്‍റെ വിജയക്കൊടി നാട്ടിയ എല്ലാവര്‍ക്കും പ്രിയങ്കരനായ എം.എല്‍.എ ശ്രീ സണ്ണി ജോസഫ് നമ്മുടെ കുടുംബ കൂട്ടായ്മക്ക് സര്‍വവിധ ഐശ്വര്യങ്ങളും നേര്‍ന്നു കൊണ്ടുള്ള മുഖ്യ പ്രഭാഷണം നടത്തി.

കുടുംബയോഗ സെക്രട്ടറി ശ്രീ ജോസ് പന്തപ്ലാക്കല്‍ കല്ലാനോട് കഴിഞ്ഞ ഒരു വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

പൈസക്കരി ദേവമാതാ പള്ളി വികാരി റവ.ഫാ ഡോ.തോമസ് മേല്‍വട്ടം അനുഗ്രഹ പ്രഭാഷണം നടത്തി.
പയ്യാവൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ സി.വി ജോസ് ചെന്നാട്ട്, തിരുമേനി സെന്‍റ് ആന്‍റണീസ് പള്ളി വികാരി റവ. ഫാ. ജോണ്‍ മുല്ലക്കര. പൈസക്കരി ദേവമാതാ എച്ച്. എസ്.എസ്. പ്രിന്‍സിപ്പല്‍ ശ്രീ ജേക്കബ് മാരിപ്പുറം പയ്യാവൂര്‍ ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ശ്രീമതി ആനീസ് ബേബി കൊട്ടനാനി, പയ്യാവൂര്‍ ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ശ്രീ ടെല്‍സണ്‍ ജോര്‍ജ്ജ് കണ്ടത്തുംകര തുടങ്ങിയവര്‍ പന്തപ്ലാക്കല്‍ കുടുംബ കൂട്ടായ്മക്ക് സര്‍വവിധ ആശംസകളും അറിയിച്ചു.
തുടര്‍ന്ന് കുടുംബ യോഗ വൈസ് പ്രസിഡന്‍റ് ശ്രീ മാത്തുക്കുട്ടി വിര്‍പാട് കുടുംബ യോഗ സമ്മേളനത്തില്‍ പങ്കെടുത്തു സംസാരിച്ച വിശിഷ്ടാതിഥികള്‍ക്കും യോഗത്തില്‍ പങ്കെടുത്ത മുഴുവന്‍ പേര്‍ക്കും നന്ദിയും അറിയിച്ചു കൊണ്ട് കുടുംബയോഗ സമ്മേളനം അവസാനിച്ചു. 

11.15 ന്‍റെ ടീ ബ്രേക്കിനുശേഷം കൂടുതല്‍ ഉന്‍മേഷത്തോടെ കണ്ണൂര്‍ ഹൃദയാരം കൗണ്‍സിലിങ്ങ് സെന്‍റര്‍ ഡയറക്ടര്‍ ഡോക്ടര്‍ ട്രീസാ പാലക്കല്‍ കുടുംബ ശ്രേയസ് എന്ന വിഷയത്തെ ആസ്പദമാക്കി ഈ കാലഘട്ടത്തില്‍ യുവ തലമുറ നേരിടുന്ന പ്രധാന പ്രശ്നങ്ങളും അതിനുള്ള പ്രതിവിധികളെ പറ്റിയും വളരെ ഉള്‍ക്കാഴ്ചയോടുകൂടിയുള്ള ഒരു മണിക്കൂര്‍ നീണ്ട ക്ലാസ് നടത്തുകയുണ്ടായി.

12.30 ന് കുടുംബയോഗം ഇന്നലെ ഇന്ന് നാളെ എന്ന വിഷയത്തെ അതികരിച്ച് ഗ്രൂപ്പ് ചര്‍ച്ചയും അതിന്‍റെ വിലയിരുത്തലും ഉണ്ടായിരുന്നു. പിന്നീട് വിഭവ സമൃദ്ധമായ സ്നേഹ വിരുന്നിനായി യോഗം പിരിഞ്ഞു. സമയക്കുറവു മൂലം ഭക്ഷണ സമയത്ത് കുട്ടികളുടെ കലാപരിപാടികളും നടത്തുകയുണ്ടായി.
പിന്നീടുള്ള ചടങ്ങില്‍ കുടുംബത്തിലെ ഏറ്റവും പ്രായം കൂടിയ കുടുംബാംഗം, എറ്റവും പ്രായമുള്ള ദമ്പതികള്‍. ഏറ്റവും പ്രായം കുറഞ്ഞ കുട്ടി, ഏറ്റവും ദൂരെ നിന്നു വന്ന കുടുംബങ്ങള്‍, ഏറ്റവും കൂടുതല്‍ അഗങ്ങള്‍ പങ്കെടുത്ത കുടുംബം, വിവിധ മേഖലകളില്‍ പ്രത്യേക മികവ് തെളിയിച്ച വ്യക്തികള്‍, എന്നിവരെ സമ്മാനങ്ങള്‍ നല്‍കി ആദരിച്ചു.

കുടുംബയോഗ സമ്മേളനത്തിന് എക്കാലത്തും കൊഴുപ്പ് ഏറെയുള്ള വടം വലി മത്സരം നടന്നു. പുരുഷ വനിതാ ടീമുകള്‍ വളരെ ആവേശത്തോടുകൂടി പങ്കെടുത്തു. മത്സരത്തില്‍ മലബാറില്‍ നിന്നുള്ള പുരുഷ വനിതാ ടീമുകള്‍ സമ്മാനാര്‍ഹരായി. പന്തപ്ലാക്കല്‍ കുടുംബ യോഗ രക്ഷാധികാരി ഫാ. തോമസ് പന്തപ്ലാക്കല്‍ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ നല്‍കി പ്രോത്സാഹിപ്പിച്ചു. കുടുംബയോഗ ജോയിന്‍റ് സെക്രട്ടറി, ശ്രീ ജോസ് മാസ്റ്റര്‍ ചേറ്റുതോട് എല്ലാവര്‍ക്കും നന്ദിയും പറഞ്ഞു. അങ്ങിനെ 13-ാം കുടുംബ കൂട്ടായ്മക്ക് തിരശ്ശീല വീണു.

13-ാം കുടുംബസംഗമം വന്‍ വിജയമാക്കി തീര്‍ക്കാന്‍ കഠിന ശ്രമങ്ങള്‍ നടത്തി ഇത്രയധികം മനോഹരമായ പരിപാടികള്‍ക്ക് വേണ്ടത്ര സംവിധാനങ്ങള്‍ ഒരുക്കി ആതിഥേയത്വം നല്‍കിയ ശ്രീ ജോസ് തോമസിനേയും അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങളേയും എത്ര പ്രകീര്‍ത്തിച്ചാലും അധികമാവില്ല. വിജയികളായ മുഴുവന്‍ പേര്‍ക്കും സമ്മാനങ്ങള്‍ സ്പോണ്‍സര്‍ ചെയ്ത ഗ്ലാസ് ലൈെന്‍ പ്രൈവറ്റ് കമ്പനി , സേലം ഉടമ ശ്രീ ഡൊമിനിക് തോമസ്സ് പന്തപ്ലാക്കലിനും പ്രത്യേകം നന്ദി അറിയിക്കുന്നു.. ഈ പരിപാടികളുടെ വിജയത്തിനായി രാപകല്‍ പ്രവര്‍ത്തിച്ച ശ്രീ റിജുമോന്‍ മൈലംപെട്ടി, ശ്രീ മാത്തുക്കുട്ടി വീര്‍പ്പാട്, യോഗ ദിവസം ദീപിക സപ്ലിമെന്‍റ് തയ്യാറാക്കുന്നതിന് തന്‍റെ സകല കഴിവുകളും വിനിയോഗിച്ച ശ്രീ സെബാസ്റ്റ്യന്‍ ആലപ്പാട്, അതിന്‍റെ സാമ്പത്തിക സഹായങ്ങള്‍ സ്പോണ്‍സര്‍ ചെയ്ത നമ്മുടെ കുടുംബാംഗങ്ങളായ ഗാബ്രി അലുമിനിയം ആലുവ ഉടമകള്‍,ശ്രീ ജേക്കബ്/ ഷിജോ പന്തപ്ലാക്കലിനേയും ബുള്ളറ്റ് ലോജിസ്റ്റിക് ബാംഗ്ലൂര്‍ ഉടമ ശ്രീ ബിജു ജേകബ് പതിയിലിനേയും വളരെ സ്നേഹത്തോടും നന്ദിയോടും കൂടി ഓര്‍ക്കുന്നു.

പ്രവര്‍ത്തന വിലയിരുത്തല്‍
പന്തപ്ലാക്കല്‍ കുടുംബയോഗ പ്രവര്‍ത്തനങ്ങള്‍ക്ക് വര്‍ദ്ധിച്ചുവരുന്ന സാമ്പത്തിക ആവശ്യത്തിനായി പ്രവര്‍ത്തിച്ചുവരുന്ന പന്തപ്ലാക്കല്‍ വെല്‍ഫെയര്‍ ഫണ്ട് വളരെ നല്ല നിലയില്‍ പ്രവര്‍ത്തിച്ചുവരുന്നു. 20 മെമ്പര്‍ ഒരുമിച്ച് നടത്തുന്ന ചിട്ടി കഴിഞ്ഞ 12 മാസമായി കൃത്യമായി തന്നെ നടക്കുന്നു. ശ്രീ മാത്തുക്കുട്ടി വീര്‍പ്പാട്, ശ്രീ റിജു മോന്‍ മൈലംപെട്ടി, ശ്രീ സന്തോഷ് അണുങ്ങോടും നല്ല നേതൃത്വം കൊടുക്കുന്നു.

കുടുംബ വെബ് സൈറ്റ്
09-11-2013 ല്‍ ആരംഭിച്ച കുടുംബ വെബ് സൈറ്റ് കൂടുതല്‍ അഡ്രസ്സുകളും മറ്റു വിവരങ്ങളും ശേഖരിച്ചുകൊണ്ട് വളരെ കൃത്യമായി തന്നെ മുന്‍പോട്ടു പോകുന്നു. അതിന്‍റെ സാങ്കേതിക പ്രവര്‍ത്തനങ്ങള്‍ക്ക് പരിചയ കുറവു മൂലം അല്‍പം ക്ഷീണം ഏറ്റിട്ടുണ്ട്. എങ്കിലും കൂടുതല്‍ നല്ല നിലയില്‍ തുടരാനായി ഇപ്പോള്‍ ശ്രീ അഗീബറ്റ് ബെന്നി പുത്തന്‍ വീട്ടിലിനെ ഏല്‍പ്പിച്ചിട്ടുണ്ട്.

എക്സിക്യൂട്ടീവ് കമ്മിറ്റികള്‍

  1. 26-07-2015 ന് ശ്രീ മനോജ് പന്തപ്ലാക്കല്‍ താമരശ്ശേരിയുടെ വീട്ടില്‍ ചേര്‍ന്ന യോഗത്തില്‍ 12 എക്സിക്യൂട്ടീവ് അംഗങ്ങള്‍ പങ്കെടുത്തു. 13-ാം വാര്‍ഷികം ശ്രീ ജോസ് പന്തപ്ലാക്കല്‍ പൈസക്കരിയുടെ ഭവനത്തില്‍ നടത്തിയ സമ്മേളനം വിലയിരുത്തി. പന്തപ്ലാക്കല്‍ വെല്‍ഫെയര്‍ ഫണ്ടിന്‍റെ പ്രവര്‍ത്തനവും പുരോഗതിയെപ്പറ്റിയും ചര്‍ച്ച ചെയ്തു. പന്തപ്ലാക്കല്‍ കുടുംബയോഗ അഡ്രസ്സ് ബുക്കിലേക്കുള്ള വിവരങ്ങള്‍ ശേഖരിക്കുന്നതിനായി ഒരു വര്‍ക്കിംഗ് കമ്മിറ്റിക്ക് രൂപം കൊടുത്തു.
  2. രണ്ടാമത് എക്സിക്യൂട്ടീവ് യോഗം തിരുവിതാംകൂറില്‍ ആലുവ കിഴക്കമ്പലം ശ്രീ മത്തായി പി.എം ന്‍റെ ഭവനത്തില്‍ ചേര്‍ന്നു. യോഗത്തില്‍ മലബാറില്‍ നിന്നും തിരുവിതാംകൂറില്‍ നിന്നുമായി 8 അംഗങ്ങള്‍ പങ്കെടുത്തു. 14 -ാം വാര്‍ഷിക സമ്മേളനം ശ്രീ മത്തായി പി.എം പന്തപ്ലാക്കല്‍ കിഴക്കമ്പലത്തിന്‍റെ വീട്ടില്‍ നടത്തുവാന്‍ തീരുമാനമെടുത്തു. നടത്തിപ്പിന്‍റെ പ്രവര്‍ത്തനങ്ങള്‍ ക്ഷണക്കത്ത്, വിശിഷ്ടാതിഥികളെ കണ്ടെത്തല്‍ തുടങ്ങിയ കാര്യങ്ങള്‍ രക്ഷാധികാരി ഫാ.തോമസ് പന്തപ്ലാക്കലിന്‍റെ നേതൃത്വത്തില്‍ ശ്രീ മത്തായി പി.എം കിഴക്കമ്പലം, ജോഷി മാത്യൂ കിഴക്കമ്പലം, റിജുമോന്‍ മൈലംപെട്ടി തുടങ്ങിയവരെ ഏല്‍പ്പിച്ചു. സമ്മേളനത്തില്‍ കൂടുതല്‍ കുടുംബാംഗങ്ങളെ പങ്കെടുപ്പിക്കാനുള്ള കാര്യങ്ങള്‍ ചെയ്യുന്നതിനായി മലബാറിലും തിരുവിതാംകൂറിലുമായി പ്രവര്‍ത്തിക്കുന്ന എക്സിക്യൂട്ടീവ് അംഗങ്ങളെ ചുമതലപ്പെടുത്തി. ഇതിനിടയില്‍ തിരുവിതാംകൂറില്‍ ശ്രീ മാത്തുക്കുട്ടി പൈകയുടെയും ശ്രീ ജോസ്സ് മാസ്റ്റര്‍ ചേറ്റുതോടിന്‍റെയും നേതൃത്വത്തില്‍ മൂന്നു യോഗങ്ങള്‍ നടത്തുകയുണ്ടായി.
  3. 11-10-2015 നു ഓടന്‍തോട് പി.വി ജോസഫ് കൂഞ്ഞുട്ടിയുടെ വീട്ടില്‍ ചേര്‍ന്ന എക്സിക്യൂട്ടീവ് യോഗത്തില്‍ 18 അംഗങ്ങള്‍ പങ്കെടുത്തു. 14-ാം വാര്‍ഷിക സമ്മേളനത്തിന് മലബാറില്‍ നിന്നും കൂടുതല്‍ അംഗങ്ങളെ പങ്കെടുപ്പിക്കാന്‍ തീരുമാനമെടുത്തു. അതിനായി മൂന്നു കമ്മിറ്റികള്‍ക്ക് രൂപം കൊടുത്തു. സമ്മേളനത്തില്‍ വിതരണം ചെയ്യാനുള്ള അഡ്രസ്സ് ബുക്കിന്‍റെ വിവരണ ശേഖരണത്തിന് കൂടതല്‍ ആക്കം കൂട്ടാന്‍ തീരുമാനമെടുത്തു. കുടുംബയോഗം ഭാരവാഹികളുടെ തിരഞ്ഞെടുപ്പിനെ പറ്റി കാര്യമായ ആലോചനകള്‍ നടന്നു. വെബ് സൈറ്റിന്‍റെ പ്രവര്‍ത്തനം ത്വരിതപ്പെടുത്തുവാന്‍ അതിന്‍റെ സാങ്കേതിക കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ ശ്രീമതി അഗിബറ്റ് ബെന്നിയെ ഏല്‍പ്പിക്കാന്‍ തീരുമാനിച്ചു.
2014-15 ലേക്കുള്ള യൂത്ത് വിംഗ് ഭാരവാഹി തിരഞ്ഞെടുപ്പ് നടത്തി. 

പ്രസിഡന്‍റായി റോബിന്‍ ചാക്കോയെയും, വൈസ് പ്രസിഡന്‍റായി അലീനാ ജോയ്, സെക്രട്ടറി അനു പി. ജോയി ആലക്കോടിനേയും ജോയിന്‍റ് സെക്രട്ടറിയായി സോണററ് ജിന്‍സി ചെറ്റുതോട്, ട്രഷറര്‍ ആയി അമല്‍ ജോസ് ചേറ്റുതോടിനേയും കോഡിനേറ്റേഴ്സായി മാത്തുക്കൂട്ടി വീര്‍പാട്, റിജു ജോണ്‍ ആലക്കോടിനേയും തിരഞ്ഞെടുത്തു.

ആദരാഞ്ജലികള്‍

  1. പന്തപ്ലാക്കല്‍ കുടുംബയോഗത്തിന്‍റെ മുന്‍ വൈസ് പ്രസിഡന്‍റും കുടുംബയോഗ രൂപീകരണം മുതല്‍ അദ്ദേഹത്തിന്‍റെ അന്ത്യനാള്‍ വരെ ഈ പ്രസ്ത്ഥാനത്തിനു വേണ്ടി ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ച ശ്രീ ജോസഫ് തോമസ് (ഔസപ്പച്ചന്‍) 28-1-2015 ന് നമ്മെവിട്ടു പിരിഞ്ഞു. അദ്ധേഹത്തിന്‍റെ വേര്‍പാട് എന്നും പന്തപ്ലാക്കല്‍ കുടുംബാംഗങ്ങള്‍ വളരെ വേദനയോടെ സ്മരിക്കുന്നു. നല്ല ഒരു സാമൂഹിക പ്രവര്‍ത്തകനും സമര്‍ത്ഥനായ ഒരു സംഘാടകനും, പേരെടുത്ത അദ്ധ്യാപകനുമായിരുന്ന അദ്ദേഹത്തിന്‍റെ സംസ്കാര ചടങ്ങില്‍ കഴിവതും കുടുംബാംഗങ്ങള്‍ പങ്കെടുക്കുകയും പ്രാര്‍ത്ഥിക്കുകയും, ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും ചെയ്തു. ഇന്നും അദ്ദേഹത്തിന്‍റെ കുടുംബത്തോട് പ്രാര്‍ത്ഥനയും ഐക്യത്തിലും ചേര്‍ന്നു നില്‍ക്കുന്നു.
  2. റോസമ്മ ചാക്കോ ആലുങ്കല്‍താഴെ 21-05-2015 ല്‍ 93-ാ മത് വയസ്സില്‍ നിര്യാതയായി. കഴിവതും കുടുംബാംഗങ്ങള്‍ പങ്കെടുക്കുകയും പ്രാര്‍ത്ഥിക്കുകയും ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും ചെയ്തു.
  3. പി.സി ബാബു പന്തപ്ലാക്കല്‍ പുനലൂര്‍. 27-2-2015 അദ്ദേഹത്തിനും പന്തപ്ലാക്കല്‍ കുടുംബാംഗങ്ങളുടെ പ്രാര്‍ത്ഥനയും ആദരാഞ്ജലികളും.
  4. വര്‍ക്കി ജോസഫ് പന്തപ്ലാക്കല്‍ പന്തത്തല 08-09-2015 അദ്ദേഹത്തിനും പന്തപ്ലാക്കല്‍ കുടുംബാംഗങ്ങളുടെ പ്രത്യേക പ്രാര്‍ത്ഥനയും ആദരാഞ്ജലികളും.
ഉപസംഹാരം
വളരെയേറെ കാര്യങ്ങള്‍ ഇനിയും നമുക്ക് ചെയ്തു തീര്‍ക്കുവാനുണ്ട് എന്ന ഉത്തമ ബോധ്യത്തോടെ പന്തപ്ലാക്കല്‍ കുടുംബകൂട്ടായ്മ, 14-ാം വര്‍ഷത്തിലൂടെ കടന്നു നീങ്ങുമ്പോള്‍ നമ്മുടെ വളര്‍ച്ചയിലും പുരോഗതിയിലും നമ്മെ സഹായിച്ച് നമുക്ക് വേണ്ട നിര്‍ദ്ദേശങ്ങളും അനുമോദനങ്ങളും നല്‍കിയിട്ടുള്ള ഒട്ടനവധി വ്യക്തികളെ നാം നന്ദിയോടെ സ്മരിക്കുന്നു.

ഒരു പിതാവിന്‍റെ സ്നേഹത്തോടെ നമ്മെ സ്നേഹിക്കുകയും ഉപദേശിക്കുകയും ശാസിക്കുകയും നന്മയുടെ പാതയിലേക്കു നയിക്കുകയും ചെയ്യുന്ന നമ്മുടെ പ്രിയപ്പെട്ട രക്ഷാധികാരി റവ. ഫാ തോമസ് പന്തപ്ലാക്കല്‍ നമ്മുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിട്ടുള്ള മുന്‍ പ്രസിഡന്‍റ് ശ്രീ പി.റ്റി ജോസഫ് ഇന്നും നമ്മുടെ പ്രവര്‍ത്തനങ്ങള്‍ നോക്കി കാണുകയും നിര്‍ദ്ദേശങ്ങള്‍ നല്‍കി കൊണ്ടിരിക്കുകയും ചെയ്യുന്ന മുന്‍ സെക്രട്ടറി ശ്രീ പി.ജെ ചെറിയാന്‍ മാസ്റ്റര്‍, മുന്‍ ജോയിന്‍റ് സെക്രട്ടറി ശ്രീ. പി.വി ജോര്‍ജ്ജ് എന്നിവരോടും ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു.

മണ്‍മറഞ്ഞുപോയ നമ്മുടെ പ്രിയങ്കരരായിരുന്ന കുടുംബാംഗങ്ങളുടെ പാവന സ്മരണക്കു മുന്‍പില്‍ ഒരു നിമിഷം ശിരസ്സു നമിച്ചുകൊണ്ട് പ്രണമം ചെയ്തുകൊണ്ട് സര്‍വ്വ ശക്തന്‍ ഇനിയും നമുക്ക് കൂടുതല്‍ അനുഗ്രഹങ്ങള്‍ നല്‍കട്ടെയെന്ന് പ്രാര്‍ത്ഥിച്ചുകൊണ്ടും പന്തപ്ലാക്കല്‍ കുടുംബത്തിന്‍റെ 2014 – 2015 വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് നിങ്ങളുടെ മുന്‍പില്‍ സവിനയം സമര്‍പ്പിക്കുന്നു

എന്ന്
പന്തപ്ലാക്കല്‍ കുടുംബയോഗത്തിനു വേണ്ടി
സെകട്ടറി ജോസ് കല്ലാനോട്

Scroll to Top