
പന്തപ്ലാക്കല്‍ കുടുംബസംഗമം
12-ാം സമ്മേളന റിപ്പോര്‍ട്ട്
12-ാം സമ്മേളന റിപ്പോര്‍ട്ട്
Date: 09-11-2013
പി.എം.ചാക്കോ, കാഞ്ഞിരമറ്റം, പാലാ
പഴയ തലമുറയില്‍ നിന്നും ദീപ ശിഖ ഏറ്റുവാങ്ങി ചരിത്രത്തിന്റെ ഏറ്റവും വലിയ പരിവര്ത്തനങ്ങളുടേതായ ഈ നൂറ്റാണ്ടില്‍ ജീവിക്കുവാന്‍ ഭാഗ്യം ലഭിച്ചവരാണ് നാം ഓരോരുത്തരും. വിഭജിതമായി കൊണ്ടിരിക്കുന്ന ആധുനിക ലോകത്തില്‍ സ്നേഹവും ഐക്യവും കൂട്ടായ്മയും അസാദ്ധ്യമായിരിക്കുന്നു. കടന്നു പോയ തലമുറ കൈമാറിതന്ന ദീപശിഖ അണയാതെ പ്രൊജ്വലിപ്പിക്കുവാന്. ദൈവസ്നേഹത്തിന്റെ അനുഭവ സാന്ദ്ര മായ സാന്നിദ്ധ്യം പന്തപ്ലാക്കല്‍ കുടുംബങ്ങള്‍ അനുഭവിച്ചറിയുന്നത് അവര്‍ സ്നേഹത്തിന്റെ കൂട്ടായ്മയില്‍ ഒരുമിക്കുന്ന വാര്ഷികസമ്മേളനങ്ങളിലൂടെയാണ്. നാളുകള്‍ നല്ല അനുഭവങ്ങളായി കടന്നു പോയിക്കൊണ്ടിരിക്കുമ്പോള്‍ സ്വന്തം നാടിനേയും നാട്ടുകാരെയും ബന്ധുമിത്രാദികളേയും വിട്ട് അകലങ്ങളിലേക്ക് യാത്ര ചെയ്ത് ചെന്നെത്തിയ മണ്ണില്‍ ജീവിതസ്വപ്നങ്ങള്‍ നെയ്ത് കൂട്ടുമ്പോള്‍ രക്തബന്ധത്തിനും സ്നേഹബന്ധത്തിനും അകലം വര്‍ദ്ധിക്കുന്നു. ഇവിടെ നാള് വഴികളില്‍ ഇടം കണ്ടെതതി ചരിത്രമായിമാറിയ ചില മുഹൂര്‍ത്തങ്ങള്‍, പന്തപ്ലാക്കല്‍ കുടുംബത്തിന്റെ 12-ാം വാര്‍ഷിക സമ്മേളനങ്ങള്‍. വിദൂരങ്ങളില്‍ ചിതറിക്കിടക്കുന്ന നമമുടെ കുടുംബാംഗങ്ങളെ വര്‍ഷത്തില്‍ ഒരിക്കല്‍ ഒന്നിച്ചു ചേര്‍ക്കുന്ന ശ്രമകരമായ ഈ സംരംഭം ഓരോ വര്‍ഷം കഴിയുമ്പോഴും കൂടുതല്‍ പൂര്‍ണ്ണത കൈവരിച്ചുകൊണ്ടിരിക്കുകയാണ് എന്ന് നമുക്ക് അഭിമാനത്തോടെ പറയുവാന്‍ സാധിക്കും.അകലങ്ങളില്‍ നഷ്ടമായിരുന്ന നമ്മുടെ കുടുംബ ബന്ധങ്ങള്‍ വീണ്ടെടുക്കുവാന്‍ നമുക്ക് ഒരുമിച്ച് കൈകോര്‍ക്കാം.
12-ാം വാര്‍ഷിക സമ്മേളനം
2013 നവംബര്‍ 9 ശനിയാഴ്ച പാലാ കാഞ്ഞിരമറ്റത്ത് പി.എം ചാക്കോ യുടെ ഭവനത്തില്‍ നടന്ന 12-ാം വാര്‍ഷികസമ്മേളനത്തില്‍ 128 കുടുംബങ്ങളില്‍ നിന്നായി 412 കുടുംബാംഗങ്ങള്‍ പങ്കെടുത്തു. രാവിലെ 7 മണിക്ക് കാഞ്ഞിരമറ്റം മാര്‍ ശ്ലീവാ പള്ളിയില്‍ പന്തപ്ലാക്കല്‍ കുടുംബയോഗത്തിന്റെ രക്ഷാധികാരി ഫാ. തോമസ് പന്തപ്ലാക്കല്‍ സി.എം.ഐ മണ് മറഞ്ഞ കുടുംബാംഗങ്ങളുടെ അനുസ്മരണാര്‍ത്ഥം ദിവ്യബലിയര്‍പ്പിച്ച് സിമിത്തേരിയില്‍ ഒപ്പീസ് ചൊല്ലി പ്രാര്‍ത്ഥിച്ചു. തുടര്‍ന്ന് പി.എം. ചാക്കോയുടെ ഭവനത്തില്‍ നടന്ന 12-ാ മതു കുടുംബ യോഗ വാര്‍ഷികത്തിന്റെ ഔപചാരികമായ ഉല്‍ഘാടനം മെത്രാന് അഭിവന്ദ്യനായ മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വഹിച്ചു. പ്രസ്തുത സമ്മേളനത്തില്‍ കുടുംബയോഗ പ്രസിഡന്റ് ശ്രീമാന്‍ ബേബി പന്തപ്ലാക്കല്‍ കുപ്പായക്കോട്ട് നിര്‍വഹിച്ചു. കുടുംബയോഗ രക്ഷാധികാരി ഫാ. തോമസ് പന്തപ്ലാക്കല്‍ അനുസ്മരണ സന്ദേശവും നല്കി. കാഞ്ഞിരമറ്റം മാര്‍ ശ്ലീഹാ പള്ളി വികാരി റവ. ഫാ. ജോണ്‍ പൊതിയീട്ടില്, അസി. വികാരി റവ. ഫാ. ജോസഫ് കുറ്റിയാങ്കല്‍, അകലക്കുന്നം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി മേരിക്കുട്ടി തോമസ് തെക്കേമുറിയില്‍, ളാലം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ശ്രീമതി ആനിയമ്മ പന്തപ്ലാക്കല്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. ജോസ് മാസ്റ്റര്‍ ചെറ്റുതോട് സ്വാഗതവും ജോസ് കല്ലാനോട് നന്ദിയും അര്‍പ്പിച്ചു. തുടര്‍ന്ന് കുടുംബ കൂട്ടായ്മ കാലഘട്ടത്തിന്റെ ആവശ്യമെന്ന വിഷയത്തില്‍ മലയാള മനോരമ ഡപ്യൂട്ടി ജനറല്‍ മാനേജര്‍ ശ്രീ സിറിയക് പാറ്റാനി ക്ലാസ് നയിച്ചു. തുടര്‍ന്ന് കുട്ടികളും മുതിര്‍ന്നവരും വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു.
ഉച്ചക്ക് ശേഷം നടന്ന പൊതു സമ്മേളനത്തില്‍ ദീര്‍ഘ കാലമായി എല്ലാവരും സ്വപ്നം കണ്ടിരുന്ന വലിയ അനുഗ്രഹത്തിന്റെ സാക്ഷാല്‍കാരം പന്തപ്ലാക്കല്‍ കുടുംബ യോഗ വെബ്സൈറ്റ് www.panthaplackal.com ശ്രീ ജോസ് കെ മാണി MP ഉത്ഘാടനം ചെയ്തു ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ ഉമ്മന്‍ ചാണ്ടി ആതിഥേയ കുടുംബത്തിലെ 95-ാം പിറന്നാള്‍ ആഘോഷിച്ച മത്തായിപാപ്പനേയും പതിനൊന്ന് വര്‍ഷക്കാലം പന്തപ്ലാക്കല്‍ കുടുംബയോഗത്തിന് അദ്ധ്യക്ഷ പദം അലങ്കരിച്ച പ്രസിഡന്റ് ശ്രീ പി.റ്റി. ജോസഫിനേയും പത്തു വര്‍ഷക്കാലം കുടുംബയോഗത്തിന്റെ സെക്രട്ടറിയായി നിസ്വാര്‍ത്ഥ സേവനം ചെയ്ത ശ്രീ പി.ജെ ചെറിയാന് മാസ്റ്ററേയും മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റിയില്‍ നിന്നും MBBS നു 2 -ാം റാങ്ക് കരസ്ഥമാക്കിയ കുമാരി ട്രീസാ ജോണ്‍ പന്തപ്ലാക്കലിനേയും പൊന്നാട അണിയിച്ച് ആദരിച്ചു. ആവേശകരമായി തിരുവിതാംകൂര്‍ – മലബാര്‍ പുരുഷ വനിതാ ടീമുകള്‍ തമ്മില്‍ നടത്തിയ വടം വലി മത്സരത്തില്‍ മലബാറില്‍ നിന്നുള്ള പുരുഷ വനിതാ ടീമുകള്‍ വിജയികളായി. ഫാ. തോമസ് പന്തപ്ലാക്കല്‍ സി.എം.ഐ വടംവലി മത്സരത്തിലെ വിജയികള്‍ക്കും വിവിധ മേഖലകളില്‍ അര്‍ഹരായ കുടുംബാംഗങ്ങള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്ത് പൊന്നാട അണിയിച്ച് ആദരിച്ച് അഭിനന്ദിക്കുകയും ചെയ്തു.
കുടുംബയോഗ ജോയിന്റ് സെക്രട്ടറി റിജുമോന്‍ പന്തപ്ലാക്കലിന്റെ നന്ദി പ്രകടനത്തോടെ 12-ാം സമ്മേളനം പൂര്‍ണ്ണമായി. 12-ാം സമ്മേളനം വന്‍ വിജയകരമാക്കാന്‍ കഠിനാധ്വാനം ചെയ്ത ശ്രീ. ജോസ് മാസ്റ്റര്‍ ചേറ്റുതോട്, ശ്രീ മാത്തുക്കുട്ടി പന്തപ്ലാക്കല്‍ പൈക, ശ്രീ ജോസ് പി.ജെ ഇളങ്ങുളം എന്നിവരേയും സമ്മേളനത്തിന്റെ മുഴുവന്‍ ചിലവുകളും വഹിച്ച് ആതിഥേയത്വം വഹിച്ച ശ്രീ പി.എം. ചാക്കോയേയും കുടുംബാംഗങ്ങളേയും സമ്മേളനത്തിന് സമ്മാനങ്ങള്‍ സ്പോണ്സര് ചെയ്ത ഗാബ്രി അലുമിനിയം കമ്പനി ഉടമ ശ്രീ ജോഷി. പി.മാത്യൂവിനും ഹൃദയപൂര്‍വ്വമായ നന്ദി അര്‍പ്പിക്കുന്നു.
പന്തപ്ലാക്കല്‍ വെല്‍ഫെയര്‍ ഫണ്ട്
പന്തപ്ലാക്കല്‍ കുടുംബ വെബ് സൈറ്റിന്റെ സാമ്പത്തിക ആവശ്യത്തിലേക്കായി 14-09-2014 മുതല്‍ വെല്‍ഫെയര്‍ ഫണ്ടിന് ആരംഭം കുറിച്ചു. 20 മെമ്പര്‍മാര്‍ ഇതില്‍ അംഗങ്ങളായി ചേര്‍ന്നു. മാത്യുകുട്ടി പന്തപ്ലാക്കല്‍ വീര്പാടും, സന്തോഷ് പന്തപ്ലാക്കല്‍ അണുങ്ങോടും ഇതിന് നേതൃത്വം നല്കുന്നു.
കുടുംബ വെബ് സൈറ്റ്
9-11-2013 ല്‍ രൂപീകൃതമായ കുടുംബ വെബ്സൈറ്റില്‍ 82 കുടുംബങ്ങളുടെ വിവരങ്ങള്‍ ഇതിനകം പൂര്‍ണ്ണമായി ശേഖരിക്കാന്‍ സാധിച്ചു.
എക്സിക്യൂട്ടീവ് കമ്മിറ്റി
- 08-02-2014 ന് പശുക്കടവിലുള്ള ശ്രീ ഷൈജി ജോയിയുടെ ഭവനത്തില്‍ ചേര്‍ന്ന എക്സിക്യൂട്ടീവ് യോഗത്തില്‍ 11 അംഗങ്ങള്‍ പങ്കെടുത്തു. 12-ാം സമ്മേളനം വിലയിരുത്തി. എല്ലാ കുടുംബങ്ങള്‍ക്കും ക്രിസ്തുമസ് ആശംസാ സന്ദേശം അയക്കാന്‍ തീരുമാനിച്ചു.
- 13-04-2014 ന് കല്ലാനോട് ശ്രീ ജോസ് പന്തപ്ലാക്കല്‍ ന്റെ ഭവനത്തില്‍ ചേര്‍ന്ന എക്സിക്യൂട്ടീവ് യോഗത്തില്‍ 16 അംഗങ്ങള്‍ പങ്കെടുത്തു. പ്രധാനമായി പന്തപ്ലാക്കല്‍ വെല്‍ഫയര്‍ ഫണ്ടിന്റെ നിയമാവലി രൂപീകരിച്ചു.
- 14-09-2014 ന് പൈസക്കരിയില്‍ ശ്രീ ജോസ് തോമസിന്റെ ഭവനത്തില്‍ ചേര്‍ന്ന എക്സിക്യൂട്ടീവ് യോഗത്തില്‍ 19 അംഗങ്ങള്‍ പങ്കെടുത്തു. പന്തപ്ലാക്കല്‍ വെല്‍ഫെയര്‍ ഫണ്ട് ഉത്ഘാടനം ചെയ്തു. 13-ാം വാര്‍ഷിക സമ്മേളനത്തിനു വേണ്ട ക്രമീകരണങ്ങള്‍ ആലോചിച്ചു തീരുമാനിച്ചു.
അഭിനന്ദനങ്ങള്‍ ഭാവുകങ്ങള്‍
മലബാറിന്റെ വികസന സ്വപ്നങ്ങള്‍ക്ക് സാക്ഷാത്കാരം നല്കിയ തലശ്ശേരി അതിരൂപതയുടെ പുതിയ മെത്രാപൊലീത്ത ആയി നിയമിതനായിരിക്കുന്ന അഭിവന്ദ്യ മാര്‍ ജോര്‍ജ്ജ് ഞരളക്കാട്ട് പിതാവിനും 15 വര്‍ഷക്കാലം തലശ്ശേരി അതിരൂപതയെ നയിച്ച അഭിവന്ദ്യ മാര്‍ ജോര്‍ജ്ജ് വലിയമറ്റം പിതാവിനും പന്തപ്ലാക്കല്‍ കുടുംബാംഗങ്ങളുടെ പ്രാര്‍ത്ഥനാ മംഗളങ്ങളും ആശംസിക്കുന്നു.
ആദരാഞ്ജലികള്‍
2013 മെയ് 1-ാം തീയതി നിര്യാതയായ മറിയാമ്മ വര്‍ക്കി പന്തപ്ലാക്കല്‍ തമ്പലക്കാട്, 2014 മാര്‍ച്ച് 20-ാം തീയതി നിര്യാതയായ പി വി മാത്യൂ പന്തപ്ലാക്കല്‍ പാലാ. 2014 ആഗസ്റ്റ് 16-ാം തീയതി നിര്യാതനായ ഏലിയാമ്മ വര്‍ക്കി പന്തപ്ലാക്കല്‍ കുന്നംകൈ എന്നിവര്‍ക്ക് പന്തപ്ലാക്കല്‍ കുടുംബാംഗങ്ങളുടെ ആദരാഞ്ജലികള്‍.
20-11-2014 ന് നമ്മില്‍ നിന്നും വേര്‍പിരിഞ്ഞിട്ട് 4 വര്‍ഷം തികയുന്ന തിരുഹൃദയ സന്യാസിനി സമൂഹാംഗം സിസ്റ്റര്‍ ജെരാദ് പന്തപ്ലാക്കല്‍ ആതിഥേയ കുടുംബാംഗമാണ്. സിസ്റ്ററിന്റെ സ്മരണക്ക് മുന്പില് പന്തപ്ലാക്കല്‍ കുടുംബാംഗങ്ങളുടെ ആരാഞ്ജലികള്‍.
ഉപസംഹാരം
സഞ്ചരിച്ചതിനേക്കാള്‍ ഏറെ ദൂരം സഞ്ചരിക്കാനുണ്ട് എന്ന ഉത്തമ ബോദ്ധ്യത്തോടെ പന്തപ്ലാക്കല്‍ കുടുംബയോഗം 13-ാം വര്‍ഷത്തിലൂടെ കടന്നു പോകുമ്പോള്‍ നമ്മുടെ പ്രവര്‍ത്തനങ്ങളിലും വളര്‍ച്ചയിലും നാം നന്ദിയോടെ സ്മരിക്കേണ്ട നിരവധിയായ ആളുകളുണ്ട്. നമ്മുടെ പ്രവര്‍ത്തനങ്ങളില്‍ താങ്ങും തണലുമായി നിന്ന് പിതൃസ്നേഹത്തോടെ നമ്മെ സ്നേഹിക്കുകയും പ്രോത്സാഹിപ്പിക്കുകയും ഉപദേശിക്കുകയും ശാസിക്കുകയും ചെയ്യുന്ന നമ്മുടെ രക്ഷാധികാരി റവ.ഫാ.തോമസ് പന്തപ്ലാക്കല്‍ സി.എം.ഐ നമ്മുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നിര്‍ലോഭമായ സഹായ സഹകരണങ്ങള്‍ നല്കുന്ന മുന്‍ പ്രസിഡന്റ് ശ്രീ പി. റ്റി ജോസഫ് മുന്‍ സെക്രട്ടറി ശ്രീ. പി.ജെ ചെറിയാന് മാസ്റ്റര്‍,മുന്‍ വൈസ് പ്രസിഡന്റ് ഔസേപ്പച്ചന് സാര്‍, മുന്‍ ജോയിന്റ് സെക്രട്ടറി പി.വി.ജോര്‍ജ്ജ്, എന്നിവരോടുള്ള ഹൃദയപൂര്‍വ്വമായ നന്ദി അര്‍പ്പിക്കുന്നു. മണ്മറഞ്ഞുപോയ പൂര്‍വീകരായ കുടുംബാംഗങ്ങളുടെ പാവന സ്മരണക്കു മുന്പില് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് ചരിത്രപരമായ ഉത്തരവാദിത്വം നിറവേററാന്‍ സര്‍വ്വ ശക്തനായ ദൈവം നമ്മുടെ പാതകളില്‍ വിളക്കായി പ്രകാശിച്ച് നമ്മെ നയിക്കട്ടെയെന്ന പ്രാര്‍ത്ഥനയോടെ പന്തപ്ലാക്കല്‍ കുടുംബയോഗത്തിന്റെ 2013-2014 വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് സവിനയം സമര്‍പ്പിക്കുന്നു.
എന്ന്,
പന്തപ്ലാക്കല്‍ കുടുംബയോഗത്തിനു വേണ്ടി
സെക്രട്ടറി ജോസ് കല്ലാനോട്