History
panthaplackal
History
പന്തപ്ലാക്കൽ കുടുംബ ചരിത്രത്തിലേക്കൊരെത്തിനോട്ടം
വിശുദ്ധഗ്രന്ഥ നാൾവഴികളിലൂടെ നമ്മുടെ കുടുംബത്തിൻ്റെ ചരിത്രത്തെ നോക്കിക്കാണുകയാണിവിടെ. പ്രപഞ്ചസൃഷ്ടിയിൽ അതിൻ്റെ മകുടമായ മനുഷ്യന് ദൈവം തൻ്റെ രൂപഛായ നൽകികൊണ്ട് ഭൂമിയിലെ ചരാചരങ്ങൾക്ക് പേരു നൽകാനും, അവയുടെ മേൽ ആധിപത്യവും നൽകി. കൂടാതെ ഇവരിൽ നിന്ന് ഏകദൈവത്തെ വിശ്വസിക്കുന്ന ഒരു ജനത്തെ പ്രത്യേകമായി തിരഞ്ഞെടുത്തു മാറ്റി. ഇപ്രകാരം അബ്രാഹത്തിലൂടെ വേർതിരിക്കപ്പെട്ട ദൈവജനമാണ് ഇസ്രായേണ്‍ എന്നറിയപ്പെടുന്നത്.
അവരുടെ ജീവിതത്തിലെ ജയാപജയങ്ങളും ദൈവത്തിൻ്റെ ഇടപെടലുകളും അതിനുപയോഗിച്ച മാധ്യമങ്ങളും ഉൾപ്പെടുന്നതാണ് പഴയനിയമഗ്രന്ഥം. ഇവയെ ചരിത്രപരം, പ്രവചനപരം, പ്രബോധനപരം എന്നിങ്ങനെ മൂന്നായി തിരിക്കാവുന്നതുപോലെ ദൈവജനത്തിൻ്റെ അവിശ്വസ്തത, അവരെ തിരുത്താൻ ദൈവം നല്കിയ ശിക്ഷകൾ, അവയിലൂടെ അവരെ രക്ഷയിലേക്ക് നയിച്ച വഴികൾ ഇവയാണ് പഴയനിയമ ത്തിൻ്റെ സാരസംഗ്രഹം.
ഈജിപ്തിലെ അടിമത്തത്തിൽപെട്ട ദൈവജനത്തെ മോശയുടേയും, പുരോഹിതന്മാരുടേയും പ്രവാചകരുടേയും, ന്യായാധിപരുടേയും, രാജാക്കന്മാരുടേയുമൊക്കെ നേതൃത്വത്തിൽ ദൈവം നിശ്ചയിച്ച വാഗ്ദാനഭൂമി കണ്ടെത്തുവാനും അതു സ്വന്തമാക്കുവാനും നടത്തിയ പരിശ്രമങ്ങൾ നിറം പകരുന്ന സംഭവങ്ങൾ കൊണ്ട് നിറയുന്നതാണ്. അത് ഇസ്രായേൽ കുടുംബത്തിൻ്റെ കഥയാണ്. ഇവിടെ ദൈവത്തിൻ്റെ വിശ്വസ്തതയും മനുഷ്യരുടെ അവിശ്വസ്തതയും തമ്മിലുള്ള ഏറ്റുമുട്ടലുകളാണ് നമ്മൾ കണ്ടെത്തുക. ഇസ്രായേൽ കുടുംബത്തെ ദൈവം നയിച്ച വഴികളാണ് പെസഹാചരണത്തിൻ്റെയും വാഗ്ദാനഭൂമിയിലേക്കുമുള്ള പുറപ്പാടിൻ്റെയും കഥയായി നമ്മൾ മനസിലാക്കുന്നത്.
ഇപ്രകാരം മനുഷ്യ ഏജൻസികളിലൂടെ തൻ്റെ രക്ഷാകരദൗത്യം പൂർത്തിയാക്കാൻ നടത്തിയ ദൈവീക പദ്ധതികൾ പരാജയപ്പെട്ടപ്പോൾ കരുണാമയനായ ദൈവം തന്നെ മനുഷ്യനായി അവതരിച്ച് മനുഷ്യരക്ഷകനായി. ഈ വിവരണമാണ് പുതിയ നിയമഗ്രന്ഥത്തിലുള്ളത്. രണ്ടായിരം വർഷങ്ങൾക്കു മുമ്പ് തൻ്റെ അപ്പസ്തോലന്മാരിലൂടെ ദൈവത്താൽ സ്ഥാപിക്കപ്പെട്ട പുതിയ ഇസ്രായേൽ കുടുംബമാണ് കത്തോലിക്ക സഭ. ഈ കുടുംബത്തിലൂടെയാണ് ക്രിസ്തുവിൻ്റെ സ്നേഹസാന്നിദ്ധ്യം ലോകസമൂഹത്തിൽ നിലനിർത്തേണ്ടത്.
കേരളത്തിലെ ക്രൈസ്തവ സഭക്ക് കാലം വരുത്തിയ മാറ്റങ്ങൾ
ക്രിസ്തുശിഷ്യരിലൊരുവനായ തോമസ് അപ്പസ്തോലനിലൂടെയാണ് കേരള കത്തോലിക്കാസഭയ്ക്ക് ആദ്യനൂറ്റാണ്ടിൽ തന്നെ രൂപം കിട്ടിയത്. 16 – ആം നൂറ്റാണ്ടുവരെ കാര്യമായ മതപീഡനങ്ങളോ എതിർപ്പുകളോ കൂടാതെയും രാജാവിൻ്റെയും പടവാളിൻ്റെയും ബലത്തിലൂടെ അല്ലാതെയും വളർന്നുവന്ന ക്രിസ്തീയകൂട്ടായ്മയായിരുന്നു നമ്മുടേത്. പരമ്പരാഗതമായി ക്രിസ്തീയ പൂർവികരിൽ നിന്നു കിട്ടിയ മാതൃകയും പ്രചോദനവുമായിരുന്നു വിശ്വാസതീഷ്ണതയിൽ ജീവിക്കാൻ കുടുംബങ്ങളെ പ്രേരിപ്പിച്ചതും.
എന്നാൽ 16-ആം നൂറ്റാണ്ടു മുതലുള്ള കേരളസഭാജീവിതത്തിൽ വിശ്വാസത്തെ നിലനിർത്തുന്നതിലും പാരമ്പര്യങ്ങളെ കാത്തു സൂക്ഷിക്കുന്നതിലും ആചാരാനുഷ്ഠാനങ്ങളിലുള്ള ഐക്യരൂപത്തിൽ സംരക്ഷിക്കുന്നതിലും പ്രതിസന്ധികൾ ഉണ്ടായി. ഇതിനു പ്രധാനമായ കാരണങ്ങൾ പലതാണ്. കേരളസഭാ സംവിധാനത്തിൽ വന്ന ഭരണമാറ്റങ്ങൾ, യൂറോപ്യൻ മിഷനറിമാരുടെ മേൽക്കോയ്മത്വത്തിനും അതിനനുസരിച്ച് റീത്തടിസ്ഥാനത്തിലുള്ള വിഭാഗീയതയ്ക്കും വഴിതെളിച്ചു. ‘കൂനൻകുരിശുസത്യം’ യാക്കോബായ സഭ ഉണ്ടാകുന്നതിനു കാരണമായി. കൂടാതെ, ബ്രിട്ടീഷ് കോളനൈസേഷൻ്റെ ഭാഗമായി പ്രൊട്ടസ്റ്റന്റ് മതവിഭാഗങ്ങൾ നാട്ടിൽ വേരൂന്നുന്നതിന് ഇടയായി. ടിപ്പുസുൽത്താൻ്റെ നേതൃത്വത്തിലുള്ള മുസ്ലീം ആക്രമണം ഇസ്ലാം മതപ്രചാരണത്തിന് അവസരമുണ്ടാക്കി. ഇങ്ങനെ മത, രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക മേഖലകളിൽ വരുത്തിയ മാറ്റങ്ങൾ ക്രിസ്തീയ കുടുംബങ്ങളെ ഏകത്വത്തിൽ നിന്നും ഐക്യത്തിൽ നിന്നും അകറ്റുന്നതിന് കാരണങ്ങളായി.
പന്തപ്ലാക്കൽ പൂർവ്വകുടുംബ ചരിത്രം സൂചനകളിലൂടെ
മേൽപരാമർശിച്ച പശ്ചാത്തലത്തിൽ വേണം പന്തപ്ലാക്കൽ കുടുംബചരിത്രത്തെ നോക്കിക്കാണുവാൻ. ഒറ്റനോട്ടത്തിൽ ഈ വീട്ടുപേരിന് അനേക നൂറ്റാണ്ടുകളുടെ പഴക്കമുള്ളതായി സൂചനകൾ ലഭിക്കുന്നുണ്ട്. കഴിഞ്ഞ ഏതാനും വർഷങ്ങളായി ജീവിച്ചിരിക്കുന്നവരിലെ നമ്മുടെ കാരണവന്മാരായ പല അംഗങ്ങളിൽ നിന്ന് അവരുടെ പൂർവ്വികർവഴി വാമൊഴിയായി ലഭിച്ച ചില അറിവുകൾ ഐതിഹ്യകഥകൾക്ക് തുല്യമാണെങ്കിലും അവ കൂടുതൽ ഗവേഷണപഠനങ്ങൾക്ക് വഴിതെളിക്കുന്നതും, ഇപ്പോൾ നമ്മുടെ ചരിത്രത്തിൻ്റെ ഭാഗമാക്കേണ്ടി വരുന്നതുമാണ്. മറ്റൊരു അറിവ്, നൂറുവർഷം മുമ്പെങ്കിലും എഴുതപ്പെട്ടത് എന്ന് കരുതപ്പെടാവുന്ന കുടുംബചരിത്രപുസ്തകം പാലാ, പന്തത്തലയുള്ള ഇന്നറിയപ്പെടുന്നതിലെ ഏറ്റവും പഴക്കമുള്ള പന്തപ്ലാക്കൽ തറവാട്ടിൽ ഉണ്ടായിരുന്നു എന്ന അറിവാണ്. ഈ തറവാട്ടിലെ 20 ആം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന അംഗങ്ങളിൽ ഇളയവനായ മത്തായി (കൊച്ച്)യുടെ മൂത്ത മകൻ ജോയി ഇരുപതുവർഷം മുമ്പ് പങ്കുവെച്ച അറിവാണ് ഇതിന് അടിസ്ഥാനമായിട്ടുള്ളത്. ഈ പുസ്തകത്തിൽ നിന്നും വായിച്ച അറിവാണ് അദ്ദേഹം പങ്കുവച്ചത്. ഏകകോപ്പി ഉണ്ടായിരുന്നത് ആരോ വായിക്കാൻ മേടിച്ചത് ഇപ്പോൾ എവിടെയാണെന്നറിയില്ല എന്നും അദ്ദേഹം പറഞ്ഞു. ഏതാനും വർഷങ്ങൾക്ക് മുമ്പ് ജോയി മരണമടയുകയും ചെയ്തു. പന്തപ്ലാക്കൽ എന്ന കുടുംബപേരിൽ ഹിന്ദുക്കളും മുസ്ലിങ്ങളും, യാക്കോബായക്കാരും കേരളത്തിൻ്റെ പലഭാഗങ്ങളിൽ പല വീടുകളിലായി താമസിക്കുന്നു എന്ന അറിവും പാലയൂർ പ്രദേശത്ത് അഴകത്തു പന്തപ്ലാക്കൽ എന്ന പേരിലുള്ള ഒരു നമ്പൂതിരിമന ഇന്നും ഉണ്ടെന്ന അറിവും പന്തപ്ലാക്കൽ കുടുംബത്തിൻ്റെ പഴമയെകുറിച്ച് നൽകുന്ന ചില സൂചനകളാണ്. ഇവയെല്ലാം കൂട്ടിച്ചേർത്ത് സൂചനകളിൽ നിന്നുള്ള നിഗമനങ്ങളിലൂടെ, അതേസമയം എപ്പോഴും പുതിയ ആധികാരിക അറിവിൻ്റെ വെളിച്ചത്തിൽ മാറ്റം വരുത്തേണ്ടവയായി പരിഗണിച്ചു കൊണ്ട് പൂർവ്വകാല കുടുംബചരിത്രം കിട്ടിയ അറിവുകളുടെ പശ്ചാത്തലത്തിൽ ഇവിടെ കുറിക്കുന്നു.
പന്തപ്ലാക്കൽ പൂർവ്വ ചരിത്രത്തെ ബന്ധിക്കുന്ന കഥകളും സംഭവങ്ങളും
തൃശൂർ എളനാട് പ്രദേശത്ത് താമസിക്കുന്ന അബ്രഹാം പന്തപ്ലാക്കൽ അദ്ദേഹത്തിൻ്റെ പൂർവ്വികരിൽ നിന്നും പറഞ്ഞുകേട്ട അറിവ് 2006 -ൽ പങ്കുവച്ചത് ആദ്യം അവതരിപ്പിക്കുന്നു. അവർ പറഞ്ഞതിൻ്റെ സാരസംഗ്രഹം ഇപ്രകാരമാണ്. പന്തപ്ലാക്കൽ എന്ന വീട്ടുപേരിൽ തോമൻ എന്ന് പേരുള്ള ഒരു സേനാധിപതി ഒരു നാട്ടുരാജാവിൻ്റെ പ്രധാനമന്ത്രിയുടെ സ്ഥാനത്ത് ഉണ്ടായിരുന്നു. നയതന്ത്രഞ്ജനും കർമ്മകുശലനുമായ ഒരു സേനാധിപനായിരുന്നു അദ്ദേഹം. അയൽരാജ്യത്തെ പിടിച്ചടക്കുന്നതിനുവേണ്ടി ഇടക്കിടക്ക് നാട്ടുരാജ്യങ്ങൾ തമ്മിൽ യുദ്ധങ്ങൾ ഉണ്ടാവുക പതിവാണ്. തോമാൻ്റെ രാജാവ് മുൻകരുതലുകൾ എടുക്കുന്ന സ്വഭാവക്കാരനായിരുന്നില്ല പലപ്പോഴും ശത്രുസൈന്യം അടുത്തെത്തുമ്പോഴാണ് അദ്ദേഹം തോമെൻ്റെ ഉപദേശവും നേതൃത്വവും തേടുക. അവസാന നിമിഷങ്ങളിൽ ഇനി എന്ത്? എന്ന ചോദ്യവുമായി വരുന്ന രാജാവിനോട് ക്ഷിപ്ര കോപിയായ തോമൻ പലപ്പോഴും തക്ക തട്ടുത്തരം കൊടുക്കാറുണ്ടായിരുന്നു. എങ്കിലും പെട്ടെന്നുള്ള ഇടപെടലിലൂടെ രാജാവിന് വിജയം നേടിക്കൊടുക്കുമായിരുന്നു.
ഒരിക്കൽ ശത്രുസേന രാജകൊട്ടാരത്തിൻ്റെ അടുത്തുള്ള നദിയുടെ മറുകരയിൽ എത്തിയിരിക്കുന്നു എന്ന വാർത്തയുമായി രാജാവ് തോമനെ സമീപിച്ച് ഇനി എന്ത്? എന്ന പഴയ പല്ലവി ആവർത്തിച്ചു. മുൻകോപിയായ തോമൻ മറുപടിയായി പുറകോട്ടു തിരിഞ്ഞു നിന്ന് ഉടുത്തിരുന്ന മുണ്ടിൻറെ അടിഭാഗം പൊക്കി ഇവിടെ കയറി ഒളിച്ചുകൊള്ളൂക എന്നറിയിച്ചു. എങ്കിലും പ്രശ്നത്തിൻ്റെ ഗൗരവം മനസ്സിലാക്കിയ അദ്ദേഹം ഉടനെ നടപടി എടുത്തു. എതിർസേന തമ്പടിച്ചിരുന്ന നദിയുടെ കുറെ മുകൾഭാഗത്തുള്ള കാട്ടിൽ ഭക്ഷണം കൊടുക്കാൻ മുറിച്ചെടുക്കുന്ന വിധമുള്ള വാഴയിലകൾ നൂറുകണക്കിന് നടുഭാഗം ചൂടുവെച്ച് പഴുപ്പിച്ചതിനുശേഷം നദിയിലൂടെ താഴേക്ക് ഒഴുക്കി. നദിയിലൂടെ ഒഴുകിവരുന്ന അനേകം വാഴയിലകൾ കണ്ട് തങ്ങളെക്കാൾ എണ്ണത്തിൽ കൂടുതലുള്ള എതിർ സൈന്യം കാട്ടിൽ ഒളിച്ചിരിപ്പുണ്ടെന്നും അവർ ഭക്ഷണം കഴിച്ച ശേഷം വെള്ളത്തിലേക്കെറിയുന്ന ഇലകളാണ് ഒഴുകിവരുന്നത് എന്നും തെറ്റിദ്ധരിച്ച ശത്രുസൈന്യം ജീവനും കൊണ്ട് രക്ഷപെടുവാൻ വേഗം തിരിച്ചുപോയി.
ഇപ്രകാരം തന്ത്രശാലിയായ ഒരു സേനാധിപൻ പന്തപ്ലാക്കൽ തോമൻ എന്ന പേരിൽ എന്നോ ജീവിച്ചിരുന്നെന്നും അദ്ദേഹത്തിൻ്റെ കുടുംബത്തിൻ്റെ പിൻതുടർച്ചക്കാരാണ് ഇന്നുള്ള പന്തപ്ലാക്കൽക്കാർ എന്നും, ഉള്ള അറിവാണ് ഈ കാരണവന്മാർ കുടുംബയോഗത്തിൽ പങ്കുവച്ചത്. രാജാവിനോട് അപമര്യാദയായി പെരുമാറിയ തോമന് ഒരു ശാപം കിട്ടിയെന്നും അവർ വിവരിച്ചു. അതിൻ്റെ ഫലമായാണ് പന്തപ്ലാക്കൽ കുടുംബത്തിൽ പഠനരംഗത്തും സ്ഥാനമാനങ്ങളിലും വളരെ പ്രശസ്തരായ അംഗങ്ങൾ തലമുറകളായി ഇല്ലാത്തതെന്നും പറയുകയുണ്ടായി. രാജാവിൻ്റെ ശാപം ഇപ്രകാരമായിരുന്നു. പിൻതലമുറക്കാരിൽ അതിബുദ്ധിമാന്മാരും കോടീശ്വരന്മാരുമായി ആരും അനേകതലമുറകളിലേക്ക് ഉണ്ടാകുകയില്ലെന്നും എന്നാൽ തീരെ അധഃപതിച്ചവരായി ഉപജീവനത്തിന് വകയില്ലാത്തവരായി ആരും ഉണ്ടാകുകയില്ല എന്നതുമായിരുന്നു ശാപം.
പന്തപ്ലാക്കൽ കുടുംബാംഗങ്ങളെ പൊതുവേ പരിശോധിക്കുമ്പോൾ വലിയ പണ്ഡിതരായ ബുദ്ധിമാന്മാരും വലിയ സമ്പന്നന്മാരും കാര്യമായി ഇല്ല എന്നു പറയാം. അതുപോലെ തോമൻ എന്നയാൾ പന്തപ്ലാക്കൽ കുടുംബത്തിലെ ഒരു പൂർവ്വപിതാവായിരുന്നെങ്കിൽ അദ്ദേഹത്തിൻ്റെ സ്വഭാവത്തിലെ ക്ഷിപ്രക്ഷോപം ഇന്നത്തെ തലമുറവരെ കൈമാറി എത്തിയിട്ടുണ്ടെന്നും എന്നാൽ തോമനെപ്പോലെ പെട്ടെന്നു കോപം തണുക്കുന്നവരാണെന്നും പറയാവുന്നതാണ്.
കുടുംബചരിത്രത്തിൻ്റെ മറ്റൊരു പതിപ്പ് ഇപ്രകാരമാണ്. കാഞ്ഞിരപ്പള്ളി കാപ്പാട് പ്രദേശത്ത് താമസിച്ചിരുന്ന പന്തപ്ലാക്കൽ വർക്കി ഉലഹന്നാൻ അദ്ദേഹത്തിൻ്റെ പൂർവികരിൽ നിന്നുകേട്ടതു മക്കൾക്ക് കൈമാറിയ വിവരണമാണിത്. അദ്ദേഹം ജീവിച്ചിരുന്നെങ്കിൽ ഇന്ന് 125 വയസ്സെങ്കിലും ഉണ്ടാകുമായിരുന്നു. കുട്ടനാട് മങ്കൊമ്പ് രാജകുടുംബത്തിൽ നിന്ന് മീനച്ചിൽ കർത്താക്കന്മാരുടെ ഒരു മകൻ കല്യാണം കഴിച്ചിരുന്നു. അന്നത്തെ ആചാരപ്രകാരം താഴ്ന്ന ജാതിക്കാരുടെ സ്പർശനത്താലോ സാന്നിദ്ധ്യത്താലോ ഒരു വസ്തു അശുദ്ധമായാൽ അയിത്തം മാറുന്നത് പൂർവ്വനസ്രാണി ക്രിസ്ത്യാനികൾ തൊടുമ്പോഴാണ്, ഈ ഉദ്ദേശത്തോടെ മങ്കൊമ്പിൽ നിന്ന് ഒരു പന്തപ്ലാക്കൽ കുടുംബത്തെ മീനച്ചിൽ കർത്താക്കൾ പാലാപ്രദേശത്തു കൊണ്ടുവന്നു താമസിപ്പിച്ചിരുന്നു. മുന്നൂറുവർഷമെങ്കിലും ആയിക്കാണും പന്തപ്ലാക്കൽ കുടുംബാംഗങ്ങൾ ഇവിടെ താമസമാക്കിയിട്ട്. ഈ കുടുംബങ്ങളിൽ ചിലരെ മീനച്ചിൽ കർത്താക്കൾ പടയാളികളുടെ തലവന്മാരായിസ്ഥാനം നൽകിയിരുന്നു എന്നും വർക്കി ഉലഹന്നാൻ നൽകിയ ചരിത്രത്തിൻ്റെ ഭാഗമാണ്.
പ്രസിദ്ധികരിക്കപ്പെട്ട കുടുംബചരിത്രത്തിൽ നിന്ന് മുൻ സൂചിപ്പിച്ച ജോയി പറഞ്ഞ കഥയുമായി ഇതിന് അല്പം സാമ്യമുള്ളതായി തോന്നുന്നു. തൊടുപുഴ മുതലക്കോടം പ്രദേശത്തു താമസിച്ചിരുന്ന പന്തപ്ലാക്കൽ കുടുംബത്തിൽ നിന്നാണ് മീനച്ചിൽ കർത്താക്കന്മാർ മുൻ സൂചിപ്പിച്ച അയിത്തം മാറ്റുന്നതിനായും വിശ്വസ്തരായ പടനായകന്മാരായും ക്രിസ്ത്യാനികളെ കൊണ്ടുവന്ന് താമസിപ്പിച്ചിരുന്നത് എന്നാണ് ജോയി വായിച്ച ചരിത്രത്തിൽ കണ്ടത്.
ഇതിനോടൊപ്പം മെറ്റൊരു ചരിത്രവുംകൂടി കൂട്ടിവായിക്കുമ്പോൾ നമ്മുടെ പൂർവ്വകുടുംബചരിത്രകഥകൾക്ക് പരസ്പരബന്ധങ്ങൾ കണ്ടെത്താൻ കഴിയുന്നുണ്ട്. പാലയൂർ പ്രദേശങ്ങളിൽ അഴകത്തു പന്തപ്ലാക്കൽ എന്ന പേരിൽ ഒരു നമ്പൂതിരി ഇല്ലം, മന ഇന്നും ഉള്ളതായി അറിയുന്നു. ഈ മനയിൽ നിന്നുള്ളവർ എന്നോ ക്രിസ്ത്യാനികളായി മാറുകയും അവരിൽ നിന്നുണ്ടായ കുടുംബങ്ങൾ നൂറ്റാണ്ടുകൾക്ക് പുറകിൽ അങ്കമാലി
പ്രദേശത്തു വന്ന് താമസിക്കുകയും അവിടെ നിന്ന് തിരുവിതാംകൂറിൻ്റെ വിവിധഭാഗങ്ങളിലേക്ക് വ്യാപിക്കുവാൻ ഇടയായി എന്നതാണീ ചരിത്രം. ഈ ചരിത്രവുമായി ബന്ധിച്ചുകൊണ്ട് മങ്കൊമ്പ് രാജാക്കന്മാരുടെ ആശ്രിതരായി എത്തിയ പന്തപ്ലാക്കൽ കുടുംബങ്ങളെക്കുറിച്ചും, അവിടെ നിന്നായിരിക്കാം മുതലക്കോടത്തേക്ക് വ്യാപിച്ച് കുടുംബങ്ങളേയും ഇവിടെ എവിടെനിന്നോ മീനച്ചിൽ കർത്താക്കന്മാർ കൊണ്ടുവന്ന് താമസിപ്പിച്ച കുടുംബാംഗങ്ങളെക്കുറിച്ചും ഉള്ള കഥകൾ പരസ്പര പൂരകങ്ങളായി കണക്കാക്കാവുന്നതാണ്. തോമൻ എന്ന രാജ്യമന്ത്രി മീനച്ചിൽ കർത്താക്കളുടെ മന്ത്രി ആയിരുന്നിരിക്കാം. അദ്ദേഹം ശത്രു സൈന്യത്തെ തെറ്റിദ്ധരിപ്പിക്കുവാൻ വേണ്ടി മീനച്ചിലാറ്റിലൂടെ ആയിരിക്കാം ഭക്ഷണം കഴിക്കാനുപയോഗിച്ചത് എന്നു തോന്നിപ്പിക്കുന്ന വാഴയിലകൾ ഒഴുക്കിയത്.
പന്തപ്ലാക്കൽ വീട്ടു പേരിൽ ഹിന്ദുക്കളും, മുസ്ലിംങ്ങളും യാക്കോബായക്കാരും കേരളത്തിൻ്റെ പലഭാഗങ്ങളിലായി ഇന്ന് കാണപ്പെടുന്നത് ഈ വീട്ടുപേരിൻ്റെ പഴക്കത്തേക്കുറിച്ച് വിരൽ ചൂണ്ടുന്നതാണ്. പന്തപ്ലാക്കൽ എന്ന പേരിൽ ഹിന്ദുകുടുംബങ്ങൾ അഴകത്തു പന്തപ്ലാക്കൽ മനയുടെ ചരിത്രത്തിലൂടെ കടന്നു വരുന്നതാകാം 1653 ൽ മട്ടാഞ്ചേരിയിൽ വച്ചു നടന്ന കുനൻകുരിശു സത്യത്തിനു ശേഷമാണ് കേരളത്തിൽ യാക്കോബായ സഭ ഉണ്ടാകുന്നത്. അങ്കമാലി, പള്ളിക്കര, കിഴക്കമ്പലം, പ്രദേശങ്ങളിൽ ഈ വീട്ടുപേരിലുള്ള യാക്കോബായ കുടുംബങ്ങൾ സുറിയാനി കത്തോലിക്കാ സഭയിൽ നിന്ന് അന്നു വേർപിരിഞ്ഞ യാക്കോബായ കുടുംബങ്ങളുടെ തുടർച്ചയാണെങ്കിൽ ഒരു കാലത്ത് രക്തബന്ധികളായ ഒരേ കുടുംബക്കാരായിരുന്നു ഇവർ എന്നതിൽ സംശയിക്കാനിടമില്ല.
1775 കൾക്ക് പിന്നാലെയാണ് മൈസൂറിൽ നിന്നുള്ള ടിപ്പുസുൽത്താൻ്റെ പടയോട്ടം കേരളത്തിലുണ്ടാകുന്നത്. അദ്ദേഹം അനേകം ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും ഇസ്ലാം മതത്തിലേക്ക് ചേർക്കുകയുണ്ടായി. ഇന്ന് മധ്യകേരളത്തിലും മലപ്പുറം ജില്ലയിലുമൊക്കെയുള്ള പന്തപ്ലാക്കൽ വീട്ടുപേരിലുള്ള മുസ്ലിം കുടുംബങ്ങൾ ഒരു കാലത്ത് പന്തപ്ലാക്കൽ ക്രൈസ്തവ കുടുംബങ്ങളിൽപ്പെട്ടവരായിരിക്കണം. ഇപ്രകാരം കിട്ടിയ അറിവുകളെല്ലാം കൂട്ടിയോജിപ്പിച്ച് വിലയിരുത്തുമ്പോൾ നമ്മുടെ പന്തപ്ലാക്കൽ കുടുംബത്തിന് അഞ്ഞൂറു വർഷത്തിനു മുമ്പെങ്കിലുമുള്ള പഴക്കമുണ്ട്. കൂടുതൽ വ്യക്തമായ ഒരു പൂർവ്വകാലചരിത്രം കണ്ടെത്തുവാൻ, ഗവേഷണചാതുരിയോടെ ആ ചരിത്രം രൂപപ്പെടുത്തുവാൻ പുതിയ തലമുറയെ ഭരമേല്പിക്കുവാനേ കഴിയുകയുള്ളു.
അഡ്രസ്സ് ഡിറക്ടറിയിലൂടെ കുടുംബബന്ധ ചരിത്രത്തിലേക്ക്
പന്തപ്ലാക്കൽ എന്ന വീട്ടുപേരിനോട് ചേർന്നു നിൽക്കുന്ന മുന്നുറിലേറെ കുടുംബങ്ങളെ കണ്ടെത്തിയിട്ടുണ്ട്. ഇവർ ഇന്ന് കേരളത്തിലും ഇൻഡ്യയുടെ പല ഭാഗങ്ങളിലും വിദേശങ്ങളിലുമായി താമസിക്കുന്നവരാണ്. ഇന്നുള്ളവരുടെ കുടുംബകണ്ണിയുടെ തുടക്കത്തിന് 200 വർഷത്തിലൊതുങ്ങുന്നതും മൂന്നു ജേഷ്ഠാനുജന്മാരുടെ പരമ്പരയിലുള്ള കുടുംബബന്ധങ്ങളെയുമാണ് നമുക്കേതാണ്ട് തിരിച്ചറിയാൻ കഴിഞ്ഞിട്ടുള്ളത്. ഔസേപ്പ്, ചെറിയാൻ, വർക്കി എന്നീ പേരുകളിലുള്ള മൂന്നു സഹോദരങ്ങൾ മീനച്ചിൽ താലൂക്കിലെ പാലായ്ക്കടുത്തുള്ള പന്തത്തല കേന്ദ്രീകരിച്ച് ജീവിതമാരംഭിച്ചവരാണ്. ഇവരുടെ പുറകോട്ടുള്ള കുടുംബാംഗങ്ങളുടെ പേരു പറഞ്ഞുള്ള ബന്ധങ്ങൾ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കൂടുതൽ അന്വേഷണം ആവശ്യമുള്ള മേഖലയാണിത്.
വിശുദ്ധഗ്രന്ഥങ്ങളിലൂടെയുള്ള ദൈവത്തിൻ്റെ ഇടപെടലുകളുടെ തുടർച്ചയാണ് എന്നെങ്കിലും, എവിടെയെങ്കിലും വെച്ചാരംഭിക്കുന്ന ഓരോ ക്രൈസ്തവ കുടുംബമെന്നും അതിലൊന്നാണ് നമ്മുടേതും എന്നും സ്ഥാപിക്കുവാനാണ് വിശുദ്ധഗ്രന്ഥത്തിലൂടെ കടന്നു വന്നത്.
ക്രിസ്തുവിലും, തിരുസഭയിലും അത്തിൻ്റെ പഠനങ്ങളിലും കേന്ദ്രീകൃതമായതായിരിക്കണം നമ്മുടെ കുടുംബങ്ങൾ. ഇവിടെ സ്നേഹത്തിനും ഐക്യത്തിനും വിഘാതമായതിനെ നീക്കി പരസ്പരം ശക്തിപ്പെടുത്തുവാനുള്ളതാണ് നമ്മുടെ കുടുംബ കൂട്ടായ്മ. നൂറ്റാണ്ടുകൾ പഴക്കമുള്ള ഒരു ക്രിസ്തിയ കുടുംബമാണ് നമ്മുടേത് എന്ന് അത്ര വ്യക്തമായ ഉറപ്പുകളിലൂടെയല്ലെങ്കിലും നമ്മൾ കണ്ടെത്തി. മുന്നൂറോളം കുടുംബങ്ങളുടെ അഡ്രസ്സ് നമുക്ക് ലഭിച്ചിട്ടുണ്ട്. അടുത്ത നടപടി നമുക്കാവശ്യമായിരിക്കുന്നത് നിലവിലുള്ള കുടുംബങ്ങൾ നമ്മുടെ അറിവിപ്പെടുന്നിടത്തോളം ഏതു സ്ഥലത്തു നിന്നാരംഭിച്ചു, ഇപ്പോഴുള്ള കുടുംബാംഗങ്ങൾ ആരെല്ലാമാണ്, അവരുടെ ഫോട്ടോ എന്നിവയൊക്കെ ശേഖരിച്ച് പുസ്തക രൂപത്തിലാക്കി എല്ലാവർക്കും ലഭ്യമാക്കുക എന്നുള്ളതാണ്. പ്രത്യേകം കമ്മിറ്റിയെ നിയോഗിച്ച് എല്ലാവരുടെയും സഹകരണത്തോടെ സമയബദ്ധമായി പൂർത്തീകരിക്കാൻ നമുക്കൊന്നിച്ചു പരിശ്രമിക്കാം. കഴിഞ്ഞ ഏതാനും വർഷങ്ങളിലെ ശ്രമഫലമായി കണ്ടെത്തിയ അഡ്രസ്സുകൾ ചേർത്ത് പന്തപ്ലാക്കൽ കുടുംബ ഡിറക്ടറി പ്രസിദ്ധികരിച്ചിട്ടുണ്ട്.
ക്രിസ്തു വെളിച്ചം ഭാരതത്തിനു പ്രദാനംചെയ്ത അപ്പസ്തോലനായ തോമ്മാശ്ലിഹായുടെ പാരമ്പര്യം ഉൾക്കൊള്ളുന്ന സുറിയാനി കത്തോലിക്കാ കുടുംബമാണു പന്തപ്ലാക്കൽ. നമ്മുടെ പൂർവ്വ ചരിത്രത്തിലെ അറിയപ്പെടുന്ന ആദ്യ അംഗമായി കഥയിലൂടെയെങ്കിലും ഒരു തോമനെയും
നമ്മൾ കണ്ടെത്തുന്നു. മിക്കവാറും എല്ലാ കുടുംബങ്ങളിലും തന്നെ തോമസ് എന്ന പേരുകാരനെയും കണാറുണ്ട്. ഈ ബന്ധങ്ങളെയൊക്കെ കണക്കിലെടുത്തുകൊണ്ട് ഭാരതാപ്പോസ്തോലനായ തോമ്മാശ്ലീഹായെ
നമ്മുടെ കുടുംബ കൂട്ടായ്മയുടെ പ്രത്യേക മദ്ധ്യസ്ഥനായി സ്വീകരിച്ചിരിക്കുന്നത്. ‘ക്രിസ്തുവിനുവേണ്ടി ക്രിസ്തുവിനോടുകൂടി’ എന്നതായിരിക്കട്ടെ നമ്മുടെ പ്രചോദന വാക്യം.
പന്തപ്ലാക്കൽ കുടുംബങ്ങളിലെ പ്രായമുള്ള കാരണവന്മാരായിരുന്നു നമ്മുടെ പരസ്പര ബന്ധങ്ങളുടെ കണ്ണികൾ ആ കണ്ണികൾ നാൾതോറും മരണത്തിലൂടെ അറ്റു തുടങ്ങിയപ്പോൾ സ്വന്തപ്പെട്ടവർ എവിടെയൊക്കെയാണ് താമസിക്കുന്നത്, തമ്മിലുള്ള ബന്ധങ്ങൾ എന്തെല്ലാമാണ് ഇവ അറിയാനുള്ള സാദ്ധ്യതകൾ കുറഞ്ഞു തുടങ്ങി. പഠനവും ജോലിയുമായി അംഗങ്ങൾ ഒന്നിനൊന്ന് ലോകത്തിൻ്റെ നാനാഭാഗങ്ങളിലേക്ക് ചിതറിക്കൊണ്ടിരിക്കുന്നു. തുടർന്ന് കുടുംബ ബന്ധങ്ങളെ നില നിർത്തുവാനുള്ള മാർഗങ്ങൾ എന്ത് എന്ന് അംഗങ്ങൾ പലരും ഒരുമിച്ച് ചിന്തിച്ചതിൻ്റെ ഫലമായിരുന്നു കുടുംബസംഗമം എന്ന ആശയം.
2002 ൽ ഈ ആശയം എതാനും കുടുംബങ്ങളിലെ അംഗങ്ങൾ ഒരുമിച്ചിരുന്ന്, ഭാവി സാദ്ധ്യതകളെ കുറിച്ച് വിലയിരുത്തി. അങ്ങനെയാണ് 2002 ൽ തന്നെ ആദ്യകുടുംബയോഗം നടത്തുവാനിടവന്നത്. അതിനുശേഷം മുടങ്ങാതെ 22 കുടുംബയോഗങ്ങൾ നടന്നു. ഓരോ യോഗം കഴിയുംതോറും പുതിയ പുതിയ അംഗങ്ങളുടെ എണ്ണം കൂടിവരുന്നു എന്നത് കുടുംബയോഗത്തിൻ്റെ ആവശ്യകത എല്ലാവരെയും ബോധ്യപ്പെടുത്തിയിരിക്കുന്നു എന്നതിൻ്റെ തെളിവാണ്. പൂർവ്വാധികം താല്പര്യത്തോടും സ്നേഹത്തോടും സന്തോഷത്തോടും കൂടി നമ്മുക്ക് ഈ കൂട്ടായ്മ തുടരാം.